പാലോട്: നന്ദിയോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം കാക്കകൾ ചത്തുവീണത് പക്ഷിപ്പനി കാരണമല്ലെന്ന് സ്ഥിരീകരിച്ചു. സ്കൂൾ ജംഗ്ഷൻ, കൊച്ചുതാന്നിമൂട് എന്നിവിടങ്ങളിൽ കാക്കകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. പക്ഷിപ്പനിയാവാം ചത്തുവീണതിന് കാരണമെന്ന് പ്രചരിച്ചതിനെ തുടർന്ന് പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ വിദഗ്ദ്ധർ സ്ഥലത്തെത്തി ചത്ത കാക്കകളെ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയിരുന്നു. പക്ഷിപ്പനിയല്ല കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്നും പൊതുജനങ്ങൾ പരിഭ്രമിക്കേണ്ടതില്ലെന്നും വിദഗ്ദ്ധർ അറിയിച്ചു.