photo

നെടുമങ്ങാട്: താലൂക്കാസ്ഥാനത്തെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കുടിയൊഴിപ്പിക്കുന്ന ബങ്ക് കടകൾ പതിനൊന്നാം കല്ലിൽ പുനരധിവസിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിന് പി.ഡബ്ലിയു.ഡി ഇടങ്കോലിടുന്നതായി പരാതി. കച്ചേരി ജംഗ്‌ഷനിൽ റവന്യൂ ടവറിന് മുന്നിൽ അര നൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വന്ന പതിനെട്ട് ബങ്ക് കടകൾ ഒഴിപ്പിക്കാനുള്ള നടപടികളാണ് അവതാളത്തിലായത്. ബങ്ക് കടകൾ ചെങ്കോട്ട ഹൈവേയിലെ പതിനൊന്നാം കല്ലിൽ മാറ്റി സ്ഥാപിക്കാൻ നഗരസഭ കൗൺസിൽ മുൻകൈയെടുത്ത് നടപ്പിലാക്കിയ നടപടികളാണ് പി.ഡബ്ലിയു.ഡി ഇടപെട്ട് അട്ടിമറിച്ചത്. പതിനൊന്നാം കല്ലിൽ പുനരധിവസിപ്പിച്ച ബങ്ക് കടകളുടെ ഉടമകൾക്ക് ഇവിടെ നിന്നും ഒഴിഞ്ഞു പോകാൻ നോട്ടീസ് നല്കിയിരിക്കുകയാണ് ബന്ധപ്പെട്ടവർ. ഒരാഴ്ചക്കകം ഒഴിഞ്ഞു പോയില്ലെങ്കിൽ ഓരോ ദിവസവും 500 രൂപ വീതം പിഴ ഒടുക്കേണ്ടി വരുമെന്നും നോട്ടീസിൽ ഭീഷണിയുണ്ട്.