ഉള്ളൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടി ആരംഭിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേ വാർഡിൽ നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേ ആറാം നിലയിലെ മുറികൾ കൂടി ഐസൊലേഷൻ വാർഡാക്കാൻ തീരുമാനിച്ചു. അത്യാഹിത വിഭാഗത്തിൽ തീവ്രപരിചരണ വിഭാഗത്തിലെ എട്ട് കിടക്കകൾ കൊറോണ നിരീക്ഷണത്തിലുള്ള രോഗികൾക്കായി മാറ്റിവച്ചു. പുതിയ അത്യാഹിത വിഭാഗത്തിൽ ഉടൻ തന്നെ ഒരു ഐ.സി.യു സജ്ജമാക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ, സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എസ്.എ.ടി ആശുപത്രിയിൽ പത്തിലധികം കിടക്കകളുള്ള തീവ്രപരിചരണ വിഭാഗമാണ് ഒരുക്കിയിട്ടുള്ളത്. നിലവിൽ നാലു കിടക്കകൾ പൂർണ സജ്ജമാക്കി നിലനിറുത്തിയിട്ടുണ്ട്. വെന്റിലേറ്റർ പോയിന്റുള്ള അഞ്ച് കിടക്കകൾ വേറെയുമുണ്ട്. അത്യാവശ്യഘട്ടം വന്നാൽ ഏതാനും മിനിട്ടുകൾക്കുള്ളിൽ ഇവ പൂർണമായും പ്രവർത്തന സജ്ജമാക്കാനാകുമെന്ന് സൂപ്രണ്ട് ഡോ.എ. സന്തോഷ് കുമാർ അറിയിച്ചു. പേ വാർഡിലെ 15 മുറികളാണ് നിലവിൽ ഐസൊലേഷൻ മുറികളായി ഒരുക്കിയിട്ടുള്ളത്.