തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശോധനകളും ജാഗ്രതയും കർശനമായി തുടരുന്നു. വിദേശത്തു നിന്നെത്തുന്ന എല്ലാവരെയും പരിശോധിക്കുന്നുണ്ട്. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാരെ പരിശോധിച്ച് രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. ആനയറയിൽ കൃഷി വകുപ്പിന്റെ സമേതി ഗസ്റ്റ് ഹൗസ് അടക്കം 5000പേരെ നിരീക്ഷണത്തിൽ പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ തലസ്ഥാനത്ത് സജ്ജമാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. സ്വകാര്യ മെഡിക്കൽ കോളേജുകളിലടക്കം ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്. ആഭ്യന്തര വിമാനത്താവളത്തിലും യാത്രക്കാരെ സ്ക്രീനിംഗിന് വിധേയമാക്കുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ മാത്രം നിരീക്ഷണത്തിലാക്കാനും ശേഷിക്കുന്ന എല്ലാവരെയും വീടുകളിൽ ഐസൊലേഷനിൽ പാർപ്പിക്കാനുമാണ് തീരുമാനം. വീടുകളിൽ 28 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയാമെന്ന് ഇവരിൽ നിന്ന് സമ്മതപത്രം എഴുതിവാങ്ങും. ആരോഗ്യവകുപ്പും പൊലീസും ഇവരെ നിരീക്ഷണത്തിലാക്കും. ഇവരെ ആശുപത്രികളിലെത്തിക്കാൻ വിമാനത്താവളത്തിൽ 24 മണിക്കൂറും ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ അറൈവൽ ഹാളിൽ എമിഗ്രേഷൻ കേന്ദ്രത്തിന് മുമ്പായാണ് സ്ക്രീനിംഗ് സജ്ജമാക്കിയിട്ടുള്ളത്. നാല് കൗണ്ടറുകളിലായാണ് യാത്രക്കാരെ പരിശോധിക്കുന്നത്. യാത്രക്കാരുടെ പാസ്പോർട്ട് ഡോക്ടർമാർ പരിശോധിച്ച് യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുന്നുമുണ്ട്.

പ്രത്യേക സജ്ജീകരണങ്ങൾ

--------------------------------------------

ആരോഗ്യവകുപ്പും പൊലീസും വിമാനത്താവള അതോറിട്ടിയും സംയുക്തമായി 24 മണിക്കൂറും വിമാനത്താവളത്തിൽ പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇമിഗ്രേഷൻ ക്ലിയറൻസ് നൽകുന്നത്. വിദേശത്തു നിന്നെത്തുന്നവരുടെ ശരീര ഊഷ്‌മാവ്, രോഗ ലക്ഷണങ്ങളുണ്ടോ, യാത്രാ വിവരങ്ങൾ എന്നിവയെല്ലാം ഡോക്ടർമാർ പരിശോധിക്കും. രോഗ ലക്ഷണങ്ങളുള്ളവരെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, പേരൂർക്കട ആശുപത്രി, നെടുമങ്ങാട് താലൂക്കാശുപത്രി, കിംസ്, എസ്.എ.ടി എന്നിവിടങ്ങളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.

വിമാനത്താവളത്തിൽ പരിശോധനയ്ക്കുള്ളത്

--------------------------------------------------------------------------

3 - ഡോക്ടർമാർ‌

5- ഹെൽത്ത് ഇൻസ്‌പെക്ടർമാർ

15 - പാരാമെഡിക്കൽ ജീവനക്കാർ