വർക്കല: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാൻ സുസജ്ജമായ പ്രവർത്തനങ്ങൾക്ക് വർക്കല നഗരസഭ രൂപം നൽകി. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ 33 വാർഡുകളിൽ നിന്നുള്ള ആരോഗ്യ കർമ്മസേനാംഗങ്ങളും വോളന്റിയർമാരും വൈസ് ചെയർമാൻ എസ്.അനിജോ,താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. ഓരോ വാർഡിലെയും കൗൺസിലർമാർ ജനമൈത്രി പൊലീസ്, ജെ.എച്ച്.ഐ,ജെ.പി.എച്ച്.എൻ, വാർഡ്തല വോളന്റിയർമാർ എന്നിവരുൾപെടുന്ന പത്തംഗ ടീമിനെയും രൂപീകരിച്ചു. നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് കൈകഴുകുന്നതിനും മറ്റും സൗകര്യമേർപെടുത്തി. കൊറോണ ഹെൽപ് ലൈൻ ഡെസ്‌ക്കും ആരംഭിച്ചു. പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനും മറ്റും 9645201111 ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസി മലയാളികൾ ഉൾപെടെയുളളവർ 14 ദിവസം കൃത്യമായി ഹോം ക്വാറന്റെയിനിൽ കഴിയണം. താലൂക്കാശുപത്രിയിലോ നഗരസഭയിലെ കോറോണ ഹെൽപ് ലൈൻ ഡെസ്‌ക്കിലോ അറിയിക്കുകയും വേണം. കച്ചവട സ്ഥപനങ്ങൾ അവരവരുടേതായ രീതിയിൽ പൊതുജനങ്ങൾക്ക് കൈകൾ ശുദ്ധമാക്കുന്നതിനും അണു വിമുക്തമാക്കുന്നതിനുമുള്ള സൗകര്യം ഏർപെടുത്തണമെന്ന് നഗരസഭ നിർദ്ദേശിച്ചു. പൊതുജനങ്ങൾ, സന്നദ്ധസംഘടനകൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരും അവരുടേതായ നിലയിൽ ബ്രേക്ക് ചെയിൻ ഉൾപെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപെട്ട് വൈറസിന്റെ സാമൂഹ്യവ്യാപനം തടയാൻ മുന്നോട്ട് വരണമെന്നും നഗരസഭ അഭ്യർത്ഥിച്ചു.