തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ അക്കൗണ്ടുകൾ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയിൽ നിന്ന് സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐയിലേക്ക് മാറ്റാൻ ഉന്നതതല നീക്കം. വാട്ടർ അതോറിട്ടി സാമ്പത്തികകാര്യ വിഭാഗത്തിന്റെ എതിർപ്പ് മറികടന്നാണിത്. വെള്ളക്കരം, തദ്ദേശ സ്ഥാപനങ്ങളിലെ ഡെപ്പോസിറ്റ് ജോലികൾ എന്നിവയുൾപ്പെടെയുള്ള 1700 കോടിയോളം രൂപയാണ് എസ്.ബി.ഐയിലുള്ളത്.
വെള്ളക്കരം അടയ്ക്കുന്നതിനുള്ള റവന്യൂ കളക്ഷൻ സെന്ററുകളെ ഐ.സി.ഐ.സി.ഐയിൽ കംപ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിക്കാനും ആലോചനയുണ്ട്. ബുധനാഴ്ച ഇതുസംബന്ധിച്ച് വാട്ടർ അതോറിട്ടി ജോയിന്റ് എം. ഡി എസ്.വെങ്കിടേസപതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ചീഫ് എൻജിനിയർ (ജനറൽ), ഐ.സി.ഐ.സി.ഐ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കേരള വാട്ടർ ആൻഡ് സ്വിവറേജ് ആക്ട് അനുസരിച്ച് വാട്ടർ അതോറിട്ടിയുടെ പണം സർക്കാർ ഖജനാവിലോ, എസ്.ബി.ഐയിലോ , ബന്ധപ്പെട്ട അസോസിയേറ്റ് ,ഷെഡ്യൂൾഡ് ബാങ്കുകളിലോ ആണ് നിക്ഷേപിക്കേണ്ടത്. ആക്ട് രൂപീകരിച്ചപ്പോൾ രാജ്യത്ത് സ്വകാര്യ ബാങ്കുകൾ ഇല്ലാതിരുന്നതിനാൽ ഷെഡ്യൂൾഡ് ബാങ്കെന്ന് മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ഈ പഴുത് ഉപയോഗിച്ചാണ് അക്കൗണ്ടുകൾ മാറ്റാനുള്ള നീക്കമെന്ന് ജീവനക്കാരും യൂണിയൻ നേതാക്കളും പറയുന്നു. ജലഅതോറിട്ടിയിലെ ഉന്നതരുടെ ബന്ധുക്കൾക്ക് ഐ.സി.ഐ.സി.ഐ ബാങ്കിൽ പങ്കാളിത്തമുണ്ട്. ഇവരുടെ സമ്മർദ്ദമാണ് ഈ നീക്കത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
24 അക്കൗണ്ടുകൾ
വിവിധ അവശ്യങ്ങൾക്കായി 24 അക്കൗണ്ടുകളാണ് വാട്ടർ അതോറിട്ടിയുടെ ഹെഡ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. ഇതിൽ 20 എണ്ണം എസ്.ബി.ഐയിലാണ്. ശേഷിക്കുന്ന നാലെണ്ണം ട്രഷറി അക്കൗണ്ടുകളാണ്. നേരത്തേ, എല്ലാ പണമിടപാടുകളും ഒറ്റ അക്കൗണ്ടിലാണ് നടത്തിയിരുന്നത്. സാമ്പത്തിക ക്രമക്കേടുകൾക്ക് അതിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കമ്പനി മുൻ അക്കൗണ്ട്സ് മെമ്പറും കെ.എസ്.ഇ.ബി ചെയർമാനുമായ എൻ.എസ്.പിള്ളയാണ് വെവ്വേറെ അക്കൗണ്ട് രീതി കൊണ്ടുവന്നത്.