പോത്തൻകോട്: ഉമ്മ നഷ്ടപ്പെട്ട സങ്കടം ഉള്ളിലൊതുക്കിയാണ് ഫാത്തിമ ഹിന്ദി പരീക്ഷയെഴുതാനെത്തിയത്. ഉമ്മയുടെ ആഗ്രഹ സാഫല്യത്തിനായി ആത്മവിശ്വാസം മുറുകെപ്പിടിച്ച് അവൾ പരീക്ഷയെഴുതി. പരീക്ഷയ്ക്കിടെ പലപ്പോഴും ഉമ്മയെ ഓർത്ത് അറിയാതെ കണ്ണുനിറഞ്ഞൊഴുകിയെങ്കിലും ഉമ്മയ്ക്കു വേണ്ടി അവളുടെ പേന ചലിച്ചു. പോത്തൻകോട് ലക്ഷ്‌മിവിലാസം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഫാത്തിമയാണ് ഉമ്മയുടെ വിയോഗത്തിനു ശേഷം എസ്.എസ്.എൽ.സി ഹിന്ദി പരീക്ഷ എഴുതാനെത്തിയത്. ഫാത്തിമയുടെ ഉമ്മ അണ്ടൂർക്കോണം കീഴാവൂർ ഷഹന മൻസിലിൽ നസീറാബീവി (39) ചൊവ്വാഴ്ചയാണ് മരിച്ചത്. ഷഹനയ്ക്ക് അർബുദരോഗമാണെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. ആർ.സി.സിയിൽ ചികിത്സയിലിരിക്കെ ഭാര്യയുടെ അസുഖമറിഞ്ഞ് ഗൾഫിലായിരുന്ന ഭർത്താവ് ഷമീറും നാട്ടിലെത്തിയിരുന്നു. മകളുടെ വിഭ്യാഭ്യസ കാര്യത്തിൽ ഏറെ താത്പര്യമുണ്ടായിരുന്ന ഉമ്മയ്ക്ക് തന്റെ രോഗാവസ്ഥയെക്കുറിച്ചും നല്ല ബോദ്ധ്യമുണ്ടായിരുന്നു. രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ ' ഉമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചുപോയാലും മോള് നന്നായി പരീക്ഷ എഴുതണമെന്നും ' പഠിച്ച് ജോലി നേടി ഉപ്പച്ചിയെ നോക്കണമെന്നുമായിരുന്നു ' നസീറാബീവി ഫാത്തിമയോട് പറഞ്ഞത്. ഉമ്മയുടെ വാക്ക് പാലിക്കാനാണ് കബറിടത്തിലേക്ക് ഉമ്മച്ചിയെ വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുമ്പ് ഫാത്തിമയും സഹോദരി ഷഹനയും രാവിലെ 9.30ന് സ്‌കൂളിലെത്തിയത്. കണിയാപുരം കുടമുറ്റം ജമാ അത്തിലാണ് നസീറാബീവിയെ കബറടക്കിയത്. പരീക്ഷ എഴുതിക്കഴിഞ്ഞ് ഉമ്മയില്ലാത്ത വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഉമ്മ പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു അവളുടെ മനസിൽ.