tokyo-2020

ഏതൻസ് : കൃത്യസമയത്ത് നടത്താനാകുമോ എന്നതിൽ ഇരുട്ട് ഒഴിഞ്ഞിട്ടില്ലെങ്കിലും ഗ്രീസിൽനിന്ന് ടോക്കിയോ ഒളിമ്പിക്സിന്റെ ദീപം ഏറ്റുവാങ്ങി ജപ്പാൻ.

1896 ൽ ആദ്യ ആധുനിക ഒളിമ്പിക്സിന് വേദിയായ ഏതൻസിലെ പനത്തെ നെയ്‌ക്ക് സ്റ്റേഡിയത്തിൽ ശൂന്യമായ ഗാലറികളെ സാക്ഷിനിറുത്തി ടോക്കിയോ ഗെയിംസിന്റെ പ്രതിനിധിയും മുൻ നീന്തൽ താരവുമായ നവോക്കോ ഇമോട്ടോയാണ് ദീപമേറ്റുവാങ്ങിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഇൗമാസം 12ന് നടന്ന ദീപം തെളിക്കൽ ചടങ്ങിനും കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞദിവസങ്ങളിൽ ഗ്രീസിൽ നടന്ന ദീപശിഖാ പ്രയാണത്തിനും വലിയ ജനപങ്കാളിത്തമുണ്ടായിരുന്നില്ല.

ഗ്രീക്ക് ഒളിമ്പിക് കമ്മിറ്റി തലവൻ സ്പൈറോസ് കാപ്രാലോസ് പ്രത്യേക പേടകത്തിൽ അടച്ച ദീപം ഇമേട്ടോയ്ക്ക് കൈമാറുകയായിരുന്നു. ഏതൻസിൽ നിന്ന് ''ടോക്കിയോ 2020 ഗോ'' എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക വിമാനത്തിൽ ദീപം ഇന്ന് രാവിലെ ജപ്പാനിലെത്തിക്കും.

ഒരുഡസൻ ആളുകൾ മാത്രമാണ് ദീപം കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളു. ഇന്ന് രാവിലെ ജപ്പാനിലെ മാത്‌സുഷിമ എയർ ബേസിലാണ് ദീപവുമായി വിമാനമെത്തുക. ഇവിടെവച്ച് വീണ്ടും ദീപശിഖയിലേക്ക് പകരും.

ഇൗ മാസം 26 നാണ് ജപ്പാനിലെ ഒൗദ്യോഗിക ദീപശിഖാ പ്രയാണത്തിന് തുടക്കമാകുന്നത്. അതിന് മുമ്പ് 2011 ലെ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഫുക്കുഷിമ മേഖലയിൽ പ്രത്യേക പ്രയാണം നടത്തും. ജൂലായ് 24ന് ഒളിമ്പിക്സ് ഉദ്ഘാടന സമയത്തിന് തൊട്ടുമുമ്പാണ് ദീപശിഖ പ്രയാണം സ്റ്റേഡിയത്തിലെത്തുന്നത്.

എല്ലാ കാർമേഘങ്ങളെയും വകഞ്ഞുമാറ്റി ലോകത്തിന് വെളിച്ചം പകരാൻ ഒളിമ്പിക് ദീപത്തിന് കഴിയട്ടെ.

യോഷിറോ മോറി

ടോക്കിയോ ഒളിമ്പിക്സ് തലവൻ.