വെഞ്ഞാറമൂട് : നിറുത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ച് ഒരാൾക്ക് പരിക്ക്. കാറിലേക്ക് കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ഇടിയേറ്റ കാറിന്റെ ഉടമ പിരപ്പൻകോട് മഞ്ചാടിമൂട് ജസ്നാ മൻസിലിൽ മുഹമ്മദ് റഫീക്കിനാണ് (72) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് എം.സി. റോഡിൽ വെമ്പായത്തിനു സമീപം കൊപ്പത്തായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്നു വന്ന കാർ അതേ ദിശയിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. മുഹമ്മദ് റഫീക്ക് ദൂരേക്ക് തെറിച്ച് വീഴുകയും 20 മീറ്ററോളും കാർ മുന്നോട്ട് നീങ്ങുകയും ചെയ്തു. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ നാട്ടുകാർ പരിക്കേറ്റയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണമായ കാർ അലക്ഷ്യമായാണ് ഓടിച്ചിരുന്നതെന്നും അമിത വേഗതയിലായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്.
ഫോട്ടോ: അപകടത്തിൽപ്പെട്ട കാർ.