corona-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഒരാൾക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുബായിൽ നിന്നെത്തിയ 47വയസുള്ള കാസർകോട് സ്വദേശിക്കാണിത്.

വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളെ കാസർകോട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. ഇതോടെ രണ്ടാംഘട്ടത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 25ആയി. ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ച മൂന്നു പേർ രോഗമുക്തി നേടിയിരുന്നു. ഇറ്റലിയിൽ നിന്നുവന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസുള്ള കുട്ടിയുടെ രണ്ടാം പരിശോധനാഫലവും മാതാപിതാക്കളുടെ ആദ്യ പരിശോധനാഫലങ്ങളും നെഗറ്റീവാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു..

രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ 5155പേരെ ഇന്നലെ നിരീക്ഷണത്തിൽ നിന്ന്‌ ഒഴിവാക്കി.

വിവിധ ജില്ലകളിലായി 31,173പേർ നിരീക്ഷണത്തിലാണ്. ഇതിൽ 30,936 പേർ വീടുകളിലും 237 പേർ ആശുപത്രികളിലുമാണ്. 64പേരെയാണ് ഇന്നലെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 6,103 പേരെ ഇന്നലെ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങൾ ഉള്ള 2921 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 2342 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

ആരോഗ്യനില തൃപ്തികരം

ഈ മാസം 11ന് വെളുപ്പിന് 2.30 ന് ദുബായിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശിയുടെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു.

12 മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാരത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്