02

പോത്തൻകോട്: മോട്ടോർ ബൈക്ക് മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാത്രക്കാരൻ മരണമടഞ്ഞു. കണിയാപുരം മസ്താൻമുക്ക് നൂർ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന കല്ലറ വി.എൽ.എസ്. മൻസിലിൽ ഷിബു ഷുക്കൂർ (47) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 16-ന് രാത്രി പന്ത്രണ്ടര മണിയോടെ പോത്തൻകോട് പൊലീസ് സ്റ്റേഷന് സമീപത്തെ പാവുക്കോണത്ത് കുഴിയിൽ വീണാണ് അപകടം. ആൾതാമസമില്ലാത്ത പ്രദേശമായതിനാൽ പിറ്റേന്ന് രാവിലെ ആറര മണിയോടെയാണ് പരിക്കേറ്റ് ബോധരഹിതനായ അവസ്ഥയിൽ നാട്ടുകാർ ഷിബുവിനെ കണ്ടെത്തുന്നത്. വിവരമറിഞ്ഞ് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി ഷിബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. ഭാര്യ: സജിതാബീവി. മക്കൾ: ആദിയ ജബിൻ, ആദം ജബിൻ.

ക്യാപ്‌ഷൻ: മരിച്ച ഷിബു ഷക്കൂർ