ടോക്കിയോ : ഏത് പ്രതിസന്ധിഘട്ടത്തിലും ഒളിമ്പിക്സ് മാറ്റിവയ്ക്കില്ലെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ജപ്പാനും ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും തിരിച്ചടികൾ തുടർച്ചയായി നൽകുകയാണ് കൊറോണ വൈറസ് ഒളിമ്പിക്സിന്.
കഴിഞ്ഞദിവസം ജാപ്പനീസ് ഒളിമ്പിക് കമ്മിറ്റി ഡെപ്യൂട്ടി ചീഫ് കോസോ താഷിമയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ടോക്കിയോ ഗെയിംസിന്റെ തലവൻ യോഷിറോ മോറിയും ആശങ്കയിലായി. കാരണം താഷിമയുമായി കഴിഞ്ഞ ദിവസം അടുത്തിഴപഴകിയവരുടെ പട്ടികയിൽ മോണിയുമുണ്ട്. റാഗ്‌ബി ലോകകപ്പിന്റെ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് മോറിയും താഷിമയും ഒരുമിച്ചിരുന്നത്.
മോറിയെ ഉടൻ വൈറസ് ടെസ്റ്റിന് വിധേയമാക്കുമെന്ന് അദ്ദേഹത്തിന്റെ ഒാഫീസ് അറിയിച്ചു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് അസുഖത്തിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. ഇന്നലെ ഏതൻസിൽ നടന്ന ഒളിമ്പിക് ദീപം ഏറ്റുവാങ്ങൽ ചടങ്ങിൽ മോറി പങ്കെടുത്തിരുന്നില്ല. വീഡിയോ സന്ദേശം അയയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
കഴിഞ്ഞദിവസം ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ടോക്കിയോ സംഘാടക സമിതി അംഗമായ ആസ്ട്രേലിയക്കാരൻ ജോൺ കോട്ട്സിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
40-ാം വർഷത്തെ
ഒളിമ്പിക് ശാപമോ?
ഒാരോ 40 വർഷം കൂടുമ്പോഴും ഒളിമ്പിക്സിന് പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇപ്പോൾ ടോക്കിയോ ഗെയിംസിന് മുന്നിലുയരുന്ന കൊറോണ പ്രശ്നം അങ്ങനെയൊന്നാണെന്നും ജപ്പാൻ ഉപപ്രധാനമന്ത്രി താരോ ആസോ പറഞ്ഞു.
1940 ൽ ടോക്കിയോയ്ക്ക് ആതിഥ്യം പറഞ്ഞുറപ്പിച്ചിരുന്ന 13-ാം ഒളിമ്പിക്സാണ് റദ്ദാക്കപ്പെട്ട ആദ്യ ഒളിമ്പിക്സ്.പിന്നീട് 1980 ൽ മോസ്കോ ഒളിമ്പിക്സ് ഒട്ടുമിക്ക രാഷ്ട്രങ്ങളും ശീതയുദ്ധ പശ്ചാത്തലത്തിൽ ബഹിഷ്കരിച്ചത് മറ്റൊരു തിരിച്ചടിയായി. ആ 40 വർഷശാപം 2020 ലുമെത്തിയിരിക്കുകയാണെന്നും ഉപപ്രധാനമന്ത്രി പറയുന്നു.
ടോക്കിയോയിലേത് ശപിക്കപ്പെട്ട ഒളിമ്പിക്സാണെങ്കിലും കൃത്യസമയത്ത് നടത്താൻ കഴിയുമെന്ന പ്രതീക്ഷ ഇപ്പോഴുണ്ടെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
നടന്നാൽ
ഇന്ത്യ പങ്കെടുക്കും
അതേസമയം ടോക്കിയോയിൽ നിശ്ചയിച്ച സമയത്ത് ഒളിമ്പിക്സ് നടക്കുകയാണെങ്കിൽ എന്തുവില കൊടുത്തും താരങ്ങളെ അയയ്ക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ . അതേസമയം ഐ.ഒ.എയുടെ ന്യൂഡൽഹിയിലെ ഒാഫീസ് പൂട്ടി. ജീവനക്കാരോട് വീട്ടിലിരുന്ന് പ്രവർത്തനം തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.