corona

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് സംസ്ഥാന സർക്കാരിനൊപ്പം സൈന്യ, അർദ്ധസൈനിക വിഭാഗങ്ങളും കൈകോർക്കുന്നു. ഇവയുടെ സംസ്ഥാന തലവന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്.

സാഹചര്യം മോശമായാൽ ആർമി ബാരക്കുകൾ താത്കാലിക കൊറോണകെയർ സെന്ററുകളാക്കി മാറ്റും. രോഗികളെ മാറ്റുന്നതിനും മരുന്ന്, ഭക്ഷണം, ചികിത്സാസാധനങ്ങൾ എന്നിവ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ഹെലികോപ്ടറുകൾ ഉപയോഗിക്കും.

സേനകളുടെ ആശുപത്രികളിലെ സൗകര്യം അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കും. ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ടെക്നിക്കൽ സ്റ്റാഫിന്റെയും സേവനം വിട്ടുനൽകും. ആംബുലൻസുകളുമുണ്ടാകും. അടിയന്തര സാഹചര്യത്തിൽ സേനകളുടെ നിയന്ത്രണത്തിലുള്ള മറ്റു വാഹനങ്ങളും വിട്ടുനൽകും. താത്കാലിക ആശുപത്രികൾ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങൾ ലഭ്യമാക്കാനും തീരുമാനിച്ചു.

പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാന്റർ ബ്രിഗേഡിയർ സി. കാർത്തിക് ശേഷാദ്രി, നാവികസേനയുടെ കൊച്ചി സ്റ്റേഷൻ കമാൻഡർ എൻ. അനിൽ ജോസഫ്, കോസ്റ്റ്ഗാർഡ് ഡി.ഐ.ജി. എസ്. ജെന, ബി.എസ്.എഫ് ഡി.ഐ.ജി ബേബി ജോസഫ്, സി.ആർ.പി.എഫ് ഡി.ഐ.ജി ഡോ.എച്ച്.സി. ലിംഗരാജ്, എയർഫോഴ്സ് കമാന്റർ വി.വി. ജോഷി, ഐ.ടി.ബി.പി ഡെപ്യൂട്ടി കമൻഡാന്റ് പി.ഡി. റജി, ചീഫ് സെക്രട്ടറി ടോം ജോസ് ‌തുടങ്ങിയവർ പങ്കെടുത്തു.