തിരുവനന്തപുരം: ജില്ലയിൽ ആകെ 2479 പേർ കൊറോണ നിരീക്ഷണത്തിലുണ്ടെന്ന് കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. രോഗം ഇല്ലെന്ന് പരിശോധന ഫലത്തിൽ തെളിഞ്ഞ അഞ്ചുപേരെ ഇന്നലെ വീടുകളിലേക്ക് മടക്കി അയച്ചു. പുതിയ പോസിറ്റീവ് കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. പരിശോധനയ്ക്കായി അയച്ചതിൽ 65 സാമ്പിളുകളുടെ ഫലം ലഭിച്ചു .ഇതെല്ലാം നെഗറ്റീവാണ്. ഇതിൽ ശ്രീ ചിത്രയിലെ ഡോക്ടർമാരുൾപ്പെടെ ഏഴ് ജീവനക്കാരുടെ ഫലവും ഉൾപ്പെടുന്നുണ്ട്. വർക്കലയിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്ന ഇറ്റാലിയൻ പൗരന്റെ തുടർ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ആറായിരം പേരടങ്ങുന്ന പ്രത്യേക സംഘത്തെ പുതുതായി നിയോഗിക്കുകയും അവർക്ക് ഏകദിന പരിശീലനം നൽകുകയും ചെയ്‌തിട്ടുണ്ട്. തുടർന്ന് ഇന്നലെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ സന്ദർശിക്കാനായി അവരെ നിയോഗിച്ചിരുന്നു. 1470 വീടുകളിലാണ് അവർ പോയത്. അതിൽ മാനസിക പിന്തുണ ആവശ്യപ്പെട്ടവർക്ക് സൈക്യാർട്ടിസ്റ്റിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകി. അസുഖ ബാധയോടെ വിദേശത്തുനിന്നെത്തിയ 24 പേർ വേളിയിലെ സമേതിയിൽ നിരീക്ഷണത്തിലുള്ളതായി കളക്ടർ അറിയിച്ചു.
റെയിൽവേ സ്റ്റേഷനുകളിൽ സ്‌ക്രീനിംഗ്
ജില്ലയിലേക്ക് ട്രെയിനുകളിൽ വരുന്നവരെ നിരീക്ഷിക്കാനും രോഗബാധിതരെ കണ്ടെത്താനുമായി ഏഴു റെയിൽവേ സ്റ്റേഷനുകളിൽ തയ്യാറാക്കിയ സ്‌ക്രീനിംഗ് സൗകര്യം പുരോഗമിക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ, പേട്ട, നേമം, കഴക്കൂട്ടം, കൊച്ചുവേളി, വർക്കല, പാറശാല റെയിൽവേ സ്റ്റേഷനുകളിലാണ് സൗകര്യമുള്ളത്. തമ്പാനൂർ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിലും അതിർത്തി ഡിപ്പോകളായ അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട് എന്നിവിടങ്ങളിലെ ബസ് യാത്രക്കാരെയും സ്ക്രീനിംഗിന് നടക്കുന്നുണ്ട്.
സർക്കാരുമായി ഭിന്നതയില്ല
ജില്ലാഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണെന്നും ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.
65പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ
24 പേർ സമേതിയിൽ നിരീക്ഷണത്തിൽ