കോവളം: തിരുവല്ലം കരുമം റോഡിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ബുള്ളറ്റിന്റെ പിന്നിൽ യാത്ര ചെയ്യുകയായിരുന്ന തിരുവല്ലം മൈത്രി നഗർ സ്വദേശി സതീശനാണ് (47) ഗുരുതര പരിക്കേറ്റത്. ഇയാൾ എൽ.ഐ.സി ജീവനക്കാരനാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സുഹൃത്തായ നഗരസഭാ ജീവനക്കാരൻ ഉദയനുമൊത്ത് കരുമം ഭാഗത്തേക്ക് ബുള്ളറ്റിൽ പോകുമ്പോൾ മധുപാലത്തിന് സമീപം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സതീശന്റെ തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. ബൈക്ക് ഓടിച്ച ഉദയനും പരിക്കുണ്ട്. സതീശൻ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്‌.