കൊറോണ വൈറസ് വ്യാപനം കടുത്തതോടെ കേന്ദ്ര കായിക മന്ത്രാലയം കായിക താരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ബി.സി.സി.ഐ മറ്റ് ദേശീയ കായിക ഫെഡറേഷനുകൾ എന്നിവയിലെ കായിക താരങ്ങൾക്കാണ് പുതിയ നിയന്ത്രണ രേഖ അയച്ചുകൊടുത്തിരിക്കുന്നത്.
ഏപ്രിൽ 15 വരെയുള്ള കാലയളവിൽ ഏതെങ്കിലും കായിക ഇനത്തിൽ മത്സരങ്ങളോ സെലക്ഷൻ ട്രയൽസോ നടത്തരുതെന്നാണ് പ്രധാന നിർദ്ദേശം.
ഒളിമ്പിക്സിനായി പരിശീലനം തുടരുന്ന അത്ലറ്റുകൾ ഒരുകാരണവശാലും ക്യാമ്പിന് പുറത്ത് പോകാൻ പാടില്ല.
കോച്ചിംഗ് ക്യാമ്പിൽ ഇപ്പോൾ അംഗമല്ലാത്ത ഒരു പരിശീലകനെയും ക്യാമ്പിനുള്ളിൽ പ്രവേശിപ്പിക്കാൻ പാടില്ല.
ട്രെയിനിംഗ് ക്യാമ്പിലേക്ക് ആരെങ്കിലും വരികയാണെങ്കിൽ 14 ദിവസത്തെ ക്വാറന്റൈൻ പ്രോട്ടോക്കോൾ പൂർത്തിയാക്കിയിരിക്കണം.
റൈഫിൾ അസോസിയേഷൻ ഇൗയാഴ്ച ഡൽഹിയിൽ സെലക്ഷൻ ട്രയൽസ് നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇൗ നിയന്ത്രണങ്ങൾ.
ഒളിമ്പിക്സ് മാറ്റിവച്ചേക്കാമെന്ന്
സെബാസ്റ്റ്യൻ കോ
ലണ്ടൻ : ടോക്കിയോ ഒളിമ്പിക്സ് കുറഞ്ഞ പക്ഷം ഇൗവർഷം അവസാനത്തേക്കെങ്കിലും മാറ്റിവയ്ക്കേണ്ടിവരുമെന്ന് അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻ തലവൻ സെബാസ്റ്റ്യൻ കോ. കൊറോണയുടെ ഗതി വ്യക്തമായി അറിയാതെ ഒളിമ്പിക്സിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും മുൻ ഒളിമ്പ്യൻ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു. ടോക്കിയോ ഒളിമ്പിക്സ് ഗെയിംസ് കോ ഒാർഡിനേഷൻ കമ്മിഷൻ അംഗം കൂടിയാണ് സെബാസ്റ്റ്യൻ കോ.
അതേസമയം ആഗോള ആരോഗ്യനില ഏറ്റവും മോശമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോൾ ടോക്കിയോ ഒളിമ്പിക്സുമായി മുന്നോട്ടുപോകാനുള്ള നീക്കം മണ്ടത്തരമാണെന്ന് ബ്രിട്ടീഷ് ഒളിമ്പിക് ചാമ്പ്യൻ മാത്യു പിൻസെറ്റ് പറഞ്ഞു. റോവിംഗിൽ നാലുതവണ ഒളിമ്പിക് സ്വർണം നേടിയിട്ടുള്ള താരമാണ് പിൻസെറ്റ്. ബ്രിട്ടീഷുകാരനായ തോമസ് ബാച്ചാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തലവൻ.
ഒളിമ്പിക്സ് നടത്തുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നത് ബാച്ചാണ്. ബാച്ച് സ്വബോധത്തോടെ ചിന്തിക്കണമെന്ന് പിൻസെറ്റ് കളിയാക്കി.
ടെന്നിസ് നിരോധനം നീട്ടി
ന്യൂയോർക്ക് : എ.ടി.പി, ഡബ്ള്യു.യു.ടി എ ടെന്നിസ് ടൂർണമെന്റുകൾ നിരോധിച്ചിരിക്കുന്നത് ജൂൺ ഏഴുവരെ നീട്ടിയതായി ഇരു സംഘടനകളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇന്റർനാഷണൽ ടെന്നിസ് ഫെഡറേഷൻ വേൾഡ് ടെന്നിസ് ടൂർ ജൂൺ എട്ടുവരെ മാറ്റിവച്ചിരിക്കുകയാണ്.
25 ലക്ഷം
യൂറോ
സഹായവുമായി
ജർമ്മൻ
ഫുട്ബാളേഴ്സ്
ബെർലിൻ : കൊറോണ വൈറസ് രോഗബാധിതരായി വലയുന്നവർക്ക് സഹായമെത്തിക്കാൻ ജർമ്മൻ ഫുട്ബാൾ ടീം അംഗങ്ങൾ. ടീമംഗങ്ങളെല്ലാം ചേർന്ന് 25 ലക്ഷം യൂറോ സമാഹരിച്ച് സഹായിക്കാനാണ് തീരുമാനമെന്ന് ജർമ്മൻ ഫുട്ബാൾ ടീം ക്യാപ്ടൻ മാനുവൽ ന്യൂയർ പറഞ്ഞു. മറ്റു കളിക്കാരായ ജോഷ്വ കിമ്മിഷ്, ലിയോൺ ഗൊരേസ്ക എന്നിവരും സഹായ ധനശേഖരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തങ്ങളുടെ ആരാധകരിൽ നിന്നും ഒാൺലൈൻ പ്ളാറ്റ്ഫോം വഴി തുകകൾ സമാഹരിക്കാനും അർഹരിലേക്ക് എത്തിക്കാനുമാണ് പദ്ധതി. ലോകത്തെ കൊറോണയുടെ ആപത്തിൽനിന്ന് രക്ഷിക്കാൻ ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് ജർമ്മൻ ഫുട്ബാൾ ടീം കോച്ച് യൊവാക്വിം ലോയ്വ് പറഞ്ഞു.
നഷ്ടം
40 ലക്ഷം
കോടി
യൂറോ
പാരീസ് : കൊറോണ കാരണം മത്സരങ്ങൾ നിറുത്തിവച്ചതിലൂടെ യൂറോപ്പിലെ അഞ്ച് പ്രമുഖ ഫുട്ബാൾ ലീഗുകൾക്ക് നഷ്ടം 40 ലക്ഷം കോടി യൂറോയെന്ന് റിപ്പോർട്ടുകൾ.
ഇംഗ്ളീഷ് പ്രിമിയർ ലീഗ്, സ്പാനിഷ് ലാലിഗ, ജർമ്മൻ ബുണ്ടസ് ലിഗ, ഇറ്റാലിയൻ സെരിഎ, ഫ്രഞ്ച് ലിഗ വൺ എന്നിവയാണ് പാതിവഴിയിൽ നിറുത്തി വച്ചിരിക്കുന്നത്. ഇംഗ്ളീഷ് പ്രിമിയർ ലീഗിനാണ് ഏറ്റവും കൂടുതൽ (11.5 ലക്ഷം കോടി) നഷ്ടമുണ്ടാകുകയെന്ന് വിലയിരുത്തപ്പെടുന്നു. ടി.വി. സംപ്രേഷണാവകാശമാണ് ലീഗുകളുടെ പ്രധാന വരുമാന മാർഗം.
കൊറോണയെത്തുടർന്ന് നിറുത്തിവച്ചിരിക്കുന്ന യൂറോപ്പിലെ ഫുട്ബാൾ ലീഗുകൾ മേയ് മാസം പകുതിയോടെ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സ്പാനിഷ് ലാലിഗ തലവൻ ഹാവിയർ ഏെബാസ് എന്നാൽ ഇറ്റലിയിലും സ്പെയിനിലും രോഗം ഇനിയും നിയന്ത്രണവിധേയമല്ലാത്തതിനാൽ ഇതിൽ ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണയെത്തുടർന്ന് നിറുത്തിവച്ചിരിക്കുന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ക്ളബ് പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് നടത്തുമെന്ന് ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.