കുളത്തൂർ: അപകടങ്ങൾ പതിവായ കഴക്കൂട്ടം - മുക്കോല ദേശീയപാതയിലെ കുഴിവിളയിലും ലുലു ജംഗ്ഷനിലും സിഗ്നൽലൈറ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്കേറിയ ഈ ജംഗ്‌ഷനുകളിൽ വേഗ നിയന്ത്രണ സംവിധാനങ്ങൾ കുറവായതുകാരണം അപകടങ്ങൾ പതിവാണ്. ദേശീയപാത അതോറിട്ടിയാണ് ഇവിടെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കേണ്ടത്. കഴക്കൂട്ടം - മുക്കോല ദേശീയപാതയിൽ ഇരുവശത്തെയും വാഹനങ്ങളും സർവീസ് റോഡുകളും കൂടിച്ചേരുന്ന നിർദ്ദിഷ്ട ലുലുമാളിന് സമീപത്തെ ആനയറ മേല്പാലത്തിന് സമീപത്തെ ജംഗ്‌ഷനിലും സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സർവീസ് റോഡുകളിൽ നിന്ന് വാഹനങ്ങൾ പെട്ടെന്ന് പ്രധാന റോഡിലേക്ക് കടക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്.

അപകടം പതിവ്

---------------------------------

ആക്കുളം ബൈപ്പാസിൽ ആറ് റോഡുകൾ കൂടിച്ചേരുന്ന പ്രധാന ജംഗ്‌ഷനാണ് കുഴിവിള ജംഗ്‌ഷൻ. ആക്കുളം - ഉള്ളൂർ ബൈപാസ് റോഡും കരിമണൽ, കുളത്തൂർ, കിഴക്കുംകര, അരശുംമൂട് റോഡും കൂടിച്ചേരുന്ന ഇവിടെ റോഡപകടങ്ങൾ പതിവാണ്. മുമ്പ് ഒരു ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ഇവിടെ രാവിലെ 8 മുതൽ 10 വരെ ട്രാഫിക് നിയന്ത്രിച്ചിരുന്നു. എന്നാൽ ഇപ്പോൾ വല്ലപ്പോഴും ഒരു ട്രാഫിക് പൊലീസുകാരൻ മാത്രമാണ് ഗതാഗത നിയന്ത്രണത്തിന് ഉള്ളത്. നിഷ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആക്കുളം ബോട്ട് ക്ലബ്, എയർഫോഴ്സ് കേന്ദ്രം, അലത്തറ, കട്ടേല, ശ്രീകാര്യം, ടെക്നോപാർക്ക്, കഴക്കൂട്ടം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും യാത്രക്കാരും ഈ ജംഗ്‌ഷൻ താണ്ടിയാണ് പോകേണ്ടത്.

സ്ഥാപിച്ചത് ചില സ്ഥലങ്ങളിൽ മാത്രം

----------------------------------------------

കഴക്കൂട്ടം - മുക്കോല ദേശീയ പാതയിലെ ആകെയുള്ള 16 ജംഗ്‌ഷനുകളിൽ കുളത്തൂർ, മുക്കോലയ്ക്കൽ, ഇൻഫോസിസ്, കുമരിച്ചന്ത, വാഴമുട്ടം തുടങ്ങിയ ജംഗ്‌ഷനുകളിലാണ് കെൽട്രോണിന്റെ സഹായത്തോടെ സൗരോർജ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചത്. സിഗ്നൽ സംവിധാനം നിലവിൽ വന്നതോടെ ഈ ജംഗ്‌ഷനുകളിൽ അപകടങ്ങൾ കുറഞ്ഞിരുന്നു.

 കഴക്കൂട്ടം മുതൽ ചാക്ക വരെയുള്ള ദേശീയപാതയിൽ

അഞ്ച് വർഷത്തിനിടെ നടന്നത് - 238 അപകടങ്ങൾ

 മരണം - 19