തിരുവനന്തപുരം : കഴിഞ്ഞ സീസണുകളിലെല്ലാം തകർന്നടിഞ്ഞ ഐ.എസ്.എൽ ക്ളബ് കേരള ബ്ളാസ്റ്റേഴ്സിന്റെ അടുത്ത സീസണിൽ പരിശീലിപ്പിക്കാൻ സ്പെയ്ൻ കാരൻ കിബു വികുന എത്തുമെന്നാണ് റിപ്പോർട്ടുകൾ. ക്ളബ് അധികൃതർ ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ മോഹൻ ബഗാന്റെ മുൻ പരിശീലകൻ കിബു എത്തിയാൽ അടിപൊളിയാകുമെന്നാണ് ആരാധകരുടെ പക്ഷം.
ഡച്ചുകാരൻ എൽകോ ഷാട്ടോരിയുടെ കീഴിലാണ് ബ്ളാസ്റ്റേഴ്സ് ഇക്കഴിഞ്ഞ സീസണിൽ കടം തീർക്കാനിറങ്ങിയത്. എന്നാൽ വിജയങ്ങളെക്കാൾ കൂടുതൽ തോൽവികളും സമനിലകളുമായി കടം വർദ്ധിപ്പിക്കുകയാണ് ഷാറ്റോറിയും ചെയ്തത്. ഇൗ സാഹചര്യത്തിൽ ലിത്വാനിയക്കാരനായ കരോലിസ് സ്കൈൻ കിസിനെ ബ്ളാസ്റ്റേഴ്സിന്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടറായി നിശ്ചയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണ് കിബുവിനെ എത്തിക്കുന്നത്. പോളണ്ടുകാരൻ സഹപരിശീലകൻ തോമസ് ഷോർസും ഫിസിക്കൽ ട്രെയ്നറും കിബുവിനൊപ്പം ബ്ളാസ്ഴേ്സിലെത്തും.
ഇൗ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയ പരിശീലകനാണ് കിബു. അടുത്ത സീസണിൽ ബഗാനും എ.ടി.കെയും ലയിക്കുമ്പോൾ എ.ടി.കെ. കോച്ച് അന്റോണിയോ ഹബാസിനെ പുതിയ ക്ളബിന്റെ പരിശീലകനാക്കാനാണ് തീരുമാനം. ഇതോടെയാണ് കിബുവിനെ തത്കാലം പണിയില്ലാതെയായത്.
45 കാരനായ കിബു നിരവധിവർഷങ്ങൾ പോളണ്ടിലെ നിരവധി ക്ളബുകളിൽ സഹപരിശീലകനായിരുന്നു. ബഗാനിൽ മുഖ്യപരിശീലകനായി എത്തിയശേഷം അദ്ദേഹത്തിന്റെ കേളി തന്ത്രങ്ങളും വ്യത്യസ്തത ഫോർമേഷനുകളും ചർച്ചയായിരുന്നു. വിവാദങ്ങളിൽ ആടിയുലയുമ്പോഴാണ് കിബു ബഗാനെ ഏറ്റെടുത്ത് ചാമ്പ്യൻമാരാക്കിയത്. ആ മാജിക്കാണ് ബ്ളാസ്റ്റേഴ്സ് ആരാധകരും കൊതിക്കുന്നത്.