vizhinjam

കോവളം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് വാഹനമില്ലാത്തത് സ്റ്റേഷൻ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പരാതി. സ്റ്റേറ്റ് പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി സർക്കാർ 16 കോടി രൂപ ചെലവഴിച്ച് വാഹനങ്ങൾ വാങ്ങിയപ്പോൾ വിഴിഞ്ഞത്തുണ്ടായിരുന്ന കൺട്രോൾ റൂം ജീപ്പിനെ ഡി.ജി.പിയുടെ നിർദ്ദേശത്താൽ പിൻവലിച്ചതോടെയാണ് സ്റ്റേഷനിൽ പ്രതിസന്ധി രൂപപ്പെട്ടത്. അവശേഷിക്കുന്ന പ്രിൻസിപ്പൽ എസ്.ഐയുടെ വാഹനത്തിനിപ്പോൾ ഒരു നിമിഷം പോലും വിശ്രമമില്ല. എസ്.എച്ച്.ഒയുടെ ജീപ്പാകട്ടെ ഡ്യൂട്ടിയുടെ ഭാഗമായി മിക്ക ദിവസങ്ങളിലും നഗരത്തിലും. അടിയന്തര ഘട്ടങ്ങളിൽ പൊലീസുകാർക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ആകെയുള്ള വാഹനം നൽകിയാൽ ആ ദിവസം സ്വകാര്യ വാഹനങ്ങൾ തന്നെ ശരണം. രാത്രിയിലെ പട്രോളിംഗ് മുടങ്ങിയതോടെ ജനമൈത്രി സമിതി യോഗത്തിൽ അംഗങ്ങൾ പൊലീസിനെ രൂക്ഷമായി വിമർശിച്ചു. സ്റ്റേഷനിലെ രണ്ട് ഇരുചക്ര വാഹനങ്ങളിൽ ഒന്ന് തകരാറിലാണ്. അവശേഷിക്കുന്ന ബെെക്കിലാണ് ബാക്കിയുള്ള നെട്ടോട്ടം മുഴുവൻ. വാഹനമില്ലാത്തതിനാൽ അടിമലത്തുറ, കോട്ടുകാൽ, മന്നോട്ടുകോണം, ഇടത്തേക്കോണം, വെണ്ണിയൂർ, സിസിലിപുരം തൈവിളാകം എന്നീ സ്ഥലങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാൽ പൊലീസ് സ്ഥലത്തെത്താൻ വൈകുമെന്നും പ്രശ്നങ്ങൾ വഷളാമാകുമെന്നുമാണ് നാട്ടുകാർ പറയുന്നത്.