പൂവാർ: തീരദേശ മേഖലയായ പൂവാറിനെ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് പൂവാർ നെയ്യാറ്റിൻകര കാട്ടാക്കട റോഡ്. ഇതിൽ പൂവാർ മുതൽ നെയ്യാറ്റിൻകര വരെയുള്ള 16 കിലോമീറ്റർ റോഡ് പണി മുടങ്ങിയതോടെ അപകടം പതിവാകുകയാണ്. കോവളം, നെയ്യാറ്റിൻകര നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിൽ കാളിപ്പാറ കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ കുഴിച്ചിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. റോഡുകൾ പൊട്ടി പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായി. ഈ ദുരവസ്ഥയ്ക്കെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങിയുരുന്നു. ഇതോടെ കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും 15 കോടി രൂപ റോഡ് പുനർ നിർമ്മിക്കാൻ അനുദിച്ചു. 2018 ൽ പുനർനിർമ്മാണം തുടങ്ങിയെങ്കിലും വർഷം മൂന്നായിട്ടും പൂർത്തീകരിക്കാനായിട്ടില്ല. കഴിഞ്ഞ വർഷം തുടർച്ചയായി പെയ്ത മഴയാണ് പണി മുങ്ങാൻ കാരണമായി പറഞ്ഞതെങ്കിൽ ഇപ്പോൾ മെറ്റൽ കിട്ടുന്നില്ലന്നാണ് അവർ പറയുന്ന ന്യായം. റോഡിന്റെ താഴ്ന്ന ഭാഗങ്ങൾ മണ്ണിട്ട് ഉയർത്തിയും, സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങൾ ഇന്റർലോക്ക് ചെയ്തും, റോഡ് സൈഡുകളിൽ ഓട നിർമ്മിച്ചുകൊണ്ടു മുള്ള പണികൾ ശരിയായ രീതിയിൽ പൂർത്തീകരിച്ചിട്ടില്ല. എന്നാൽ റോഡിൽ ഇപ്പോൾ ഒന്നാം ഘട്ടം ബി.എം. ടാറിംഗ് നടത്തിയിരിക്കുകയുമാണ്. ഇനി നടക്കാനുള്ളത് രണ്ടാം ഘട്ട ബി.സി. ലെയർ ടാറിംഗ് ആണ്.