പാലോട്: നന്ദിയോട്, പാലോട് പ്രദേശത്തെ ആദിവാസി മേഖലകളിലെ മെഡിക്കൽ സ്റ്റോറുകളിൽ മാസ്കിനും സാനിറ്റൈസറിനും അമിത വില ഈടാക്കുന്നതായി പരാതി. മൂന്നു രൂപ വിലയുണ്ടായിരുന്ന ഒരു മാസ്കിന് 25 രൂപയാണ് ഈടാക്കുന്നത്. ബില്ല് ചോദിച്ചാൽ മാസ്ക് കൊടുന്നില്ലെന്നും പരാതിയുണ്ട്. പനിയും ചുമയും ബാധിച്ച് നിരവധി പേരാണ് ഇവിടത്തെ ആശുപത്രികളിലെത്തുന്നത്. മരുന്നുകൾ നൽകുന്നതു കൂടാതെ രോഗികളോട് മാസ്ക് ധരിക്കാനും കൈകൾ കഴുകി ശുദ്ധമായി വയ്ക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്. ഈ അവസരം മുതലാക്കിയാണ് ആദിവാസികൾ തിങ്ങി പാർക്കുന്ന മേഖലകളിലെ മെഡിക്കൽ സ്റ്റോർ ഉടമകൾ ചൂഷണം നടത്തുന്നത്. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ ശക്തമായ പരിശോധന ഈ ഭാഗങ്ങളിൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.