കൊറോണ എന്ന മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നടപടികൾ ജനങ്ങളിൽ പരമാവധി ആത്മവിശ്വാസം ജനിപ്പിക്കാൻ ഉതകുന്നതാണ്. രോഗത്തിനു മുമ്പിൽ നിരാശ്രയരായി പകച്ചുനിൽക്കുന്നതിനു പകരം ഓരോ കുടുംബവും സ്വയം സ്വീകരിക്കേണ്ട കരുതൽ നടപടികളെക്കുറിച്ചാണ് രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചത്. കൊറോണയുടെ മൂന്നാംഘട്ടത്തിൽ ഏറ്റവുമധികം പ്രാധാന്യം നൽകേണ്ടത് സാമൂഹ്യമായ സമ്പർക്ക നിരോധനത്തിലാണെന്ന് ഊന്നിപ്പറയുന്നതാണ് ഞായറാഴ്ച ആചരിക്കുന്ന ജനതാ കർഫ്യൂ. രാവിലെ ഏഴു മുതൽ രാത്രി 9 വരെ ജനങ്ങൾ വീടുകളിൽത്തന്നെ കഴിയാൻ പ്രേരിപ്പിക്കുന്നതാണ് ജനതാ ഹർത്താൽ. ഒരു ദിവസം എല്ലാവരും വീടടച്ചിരുന്നാൽ രോഗവ്യാപനം പൂർണമായി തടയാനാകില്ലെങ്കിലും അത് വളരെ വലിയ ഒരു സന്ദേശം ഉൾക്കൊള്ളുന്നതാണ്. രോഗം അനിയന്ത്രിതമായി പരക്കുന്ന സ്ഥിതിയുണ്ടായാൽ കൈക്കൊള്ളേണ്ട പ്രതിരോധ നടപടികളിൽ പ്രധാനപ്പെട്ടതാണ് ഈ ജനതാ കർഫ്യൂ. ആളുകൾ കൂട്ടംകൂടുന്നത് തടയാൻ സാധിച്ചാൽ രോഗവ്യാപനം നല്ലതോതിൽ നിയന്ത്രിക്കാനാകും. കേരളം ഈ രംഗത്ത് ഇതിനകം മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്. അത്യാവശ്യക്കാർ മാത്രം ഈ പരീക്ഷണക്കാലത്ത് വീടിനു പുറത്തിറങ്ങിയാൽ മതിയെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം ശിരസാവഹിക്കാൻ ജനങ്ങൾ തയ്യാറാകണം. തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കു വേണ്ടി ചെയ്യാവുന്ന ഒരു സേവനം കൂടിയാണിത്. 65 നു മുകളിൽ പ്രായമുള്ളവരും പത്തുവയസിൽ താഴെയുള്ള കുട്ടികളും അടുത്ത പതിനഞ്ചു ദിവസം വീടുകൾക്കു പുറത്തിറങ്ങരുതെന്നു പറയുന്നത് രോഗവ്യാപനം ഏറ്റവുമധികം ബാധിക്കുന്നത് ഈ പ്രായക്കാരിലായതു കൊണ്ടാണ്.
പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞ മറ്റൊരു പ്രധാന സംഗതി സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളി നേരിടാൻ ടാസ്ക് ഫോഴ്സ് രൂപീകരണമാണ്. കൊറോണ രോഗഭീതി സമ്പദ് വ്യവസ്ഥയുടെ സകല മേഖലകളെയും തളർത്തിക്കഴിഞ്ഞു. ഉത്പാദന മേഖലയാകെ സ്തംഭനത്തിലാണ്. ഗതാഗത മേഖലയും സ്വാതന്ത്ര്യാനന്തര കാലത്തെ ഏറ്റവും വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. പാൽ, മരുന്ന്, നിത്യോപയോഗ വസ്തുക്കൾ എന്നിവയ്ക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനാവശ്യമായ നടപടികൾ സർക്കാർ ഉറപ്പുവരുത്തുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളിൽ ആത്മവിശ്വാസം പകരും. മാരകമായ രോഗഭീതിക്കിടയിലും വിശ്രമമില്ലാതെ സേവനം അനുഷ്ഠിക്കുന്ന വിവിധ വിഭാഗം ആൾക്കാരെ ആദരിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും സമയോചിതം തന്നെ. ആശുപത്രികൾ, വിമാനത്താവളങ്ങൾ, മറ്റു ഗതാഗത മേഖലകൾ, കച്ചവടക്കാർ തുടങ്ങിയവർ അനുഷ്ഠിക്കുന്ന സേവനങ്ങളുടെ മൂല്യം നിശ്ചയിക്കാനാകില്ല. ഈ അരക്ഷിത കാലത്തും ജനജീവിതം മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകുന്ന രക്ഷാഭടന്മാരാണിവർ.
കൊറോണക്കാലത്ത് ജനങ്ങൾ സ്വീകരിക്കേണ്ട കരുതലുകളെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളെങ്കിൽ സംസ്ഥാന മന്ത്രിസഭ ഏറ്റവും ക്രിയാത്മകവും ജനങ്ങൾക്കു സഹായകവുമായ ഒട്ടേറെ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപതിനായിരം കോടി രൂപയുടെ ആശ്വാസ പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. പാക്കേജ് നടപ്പാക്കുന്നത് സംസ്ഥാനം സ്വന്തം നിലയ്ക്കായിരിക്കും. പുറത്തു നിന്നുള്ള സഹായത്തിനായി കാത്തുനിൽക്കാതെ സ്വന്തമായി പണം കണ്ടെത്തിയാകും ഈ രക്ഷാ പാക്കേജ് നടപ്പാക്കുക. കുടുംബശ്രീ വഴി സാധാരണ കുടുംബങ്ങൾക്ക് പലിശ രഹിത വായ്പ നൽകാൻ 2000 കോടി രൂപ നൽകും. തൊഴിലുറപ്പു പദ്ധതിക്കായും അത്രയും തുക നൽകും. ക്ഷേമ പെൻഷനുകൾ രണ്ടുമാസത്തേത് ഒരുമിച്ച് ഈ 31-നു മുമ്പ് നൽകും. ഇതുവരെ പെൻഷൻ കിട്ടാത്ത കുടുംബങ്ങൾക്കും 1000 രൂപ വീതം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നിറവ്യത്യാസം നോക്കാതെ എല്ലാ റേഷൻ കാർഡിനും പത്തുകിലോ അരി സൗജന്യമായി നൽകാനാണ് തീരുമാനം. ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന കുടുംബശ്രീ ഹോട്ടലുകൾ ഏപ്രിലിൽത്തന്നെ തുടങ്ങും. 20 രൂപയ്ക്ക് ഈ ഹോട്ടലുകൾ ഊണ് നൽകും. വൈദ്യുതി, വാട്ടർ ബില്ലുകൾ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം നൽകാനും തീരുമാനിച്ചിട്ടുണ്ട്. കരാറുകാരുടെ കുടിശിക തീർക്കാൻ 14000 കോടി രൂപ നൽകുമെന്നതാണ് സഹായ പാക്കേജിലെ ഏറ്റവും മുഖ്യമായ ഇനം.
പ്രളയകാലത്തെന്ന പോലെ കൊറോണ രോഗ കാലത്ത് ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വേഗത്തിൽ ഇടപെടാൻ സാധിച്ചത് പ്രശംസാർഹമാണ്. സാധാരണക്കാരും തൊഴിലാളികളും ദരിദ്രവിഭാഗങ്ങളും ഏറെ ദുരിതമനുഭവിക്കുന്ന സമയമാണിത്. ഒട്ടധികം പേരുടെയും ജീവിതം അക്ഷരാർത്ഥത്തിൽ വഴിമുട്ടി നിൽക്കുകയാണ്. തൊഴിലില്ലായ്മ പലരുടെയും നിത്യവരുമാനം തന്നെ ഇല്ലാതാക്കി. സൗജന്യ റേഷനും കുടുംബശ്രീ വായ്പയും ഈ വിഭാഗക്കാർക്ക് ഒട്ടൊന്നുമല്ല ആശ്വാസമാകുക. സഹായം ഗുണഭോക്താക്കളിൽ കാലതാമസമില്ലാതെ എത്തിക്കാനുള്ള നടപടികളും ഉറപ്പാക്കേണ്ടതുണ്ട്. കൊറോണ ഭീതി സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും മന്ദഗതിയിലാക്കിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. സഹായ പദ്ധതികളുടെ വിതരണച്ചുമതലയുള്ള വകുപ്പുകൾ കൂടുതൽ ഊർജ്ജസ്വലമായാലേ സമയബന്ധിതമായി കാര്യങ്ങൾ മുന്നോട്ടുപോകൂ. പ്രളയകാലത്തെ സഹായ വിതരണത്തെച്ചൊല്ലി ഉണ്ടായ പരാതികൾ ഇനിയും പൂർണമായി ശമിച്ചിട്ടില്ല. സഹായ പദ്ധതികളുടെ ഗുണഭോക്താക്കൾ ലക്ഷക്കണക്കിനാകുമ്പോൾ വിതരണം അങ്ങേയറ്റം കാര്യക്ഷമമാകേണ്ടതുണ്ട്. സഹായം അർഹരായവരിൽത്തന്നെ എത്താനും പ്രത്യേക നിഷ്കർഷ എടുക്കണം.
കൊറോണയെ നേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച വിപുലമായ മുൻകരുതലുകൾ നല്ല ഫലം സൃഷ്ടിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാനും സംശയമുള്ള മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ ഈ ജാഗ്രത അശേഷം വിട്ടുവീഴ്ചയില്ലാതെ രണ്ടു മൂന്ന് ആഴ്ചകൂടി തുടരേണ്ടതുണ്ട്. ജനങ്ങൾ അതിനോട് പൂർണമായി സഹകരിക്കുകയും വേണം. രാജ്യത്തൊട്ടാകെ പരീക്ഷകൾ മാറ്റിവച്ചപ്പോഴും ഇവിടെ പത്ത്, പന്ത്രണ്ട് ക്ളാസുകളിലെയും സർവകലാശാലകളിലെയും പരീക്ഷകൾ തുടരുകയായിരുന്നു. എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ സർക്കാർ ഇപ്പോൾ നിർദ്ദേശിച്ചിട്ടുണ്ട്. നല്ല കാര്യം. രാജ്യം ഒന്നടങ്കം ജാഗ്രത പാലിക്കേണ്ട സമയത്ത് പരീക്ഷകൾ അല്പം വൈകിയാലും കുഴപ്പമില്ല.