road-pacha

പാലോട്: രണ്ട് വർഷം മുൻപ് ആരംഭിച്ച നന്ദിയോട് - ചെറ്റച്ചൽ റോഡ് നിർമ്മാണം യാതൊരു പുരോഗതിയും ഇല്ലാതെ അനന്തമായി നീളുന്നു. നിർമ്മാണം തുടങ്ങിയപ്പോൾ നൽകിയ നിർദ്ദേശങ്ങൾ കരാർ കമ്പനി അവഗണിച്ച മട്ടാണ്. റോഡ് നിർമ്മാണത്തിനുള്ള മണ്ണ് പലസ്ഥലത്തും കൂട്ടി ഇട്ടിരിക്കുകയാണ്. റോഡിന്റെ നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ഈ മൺകൂന കയറിവേണം റോഡിലെത്താൻ. 9.86 കോടി രൂപ ചെലവിൽ 2018 ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച റോഡിനാണ് ഈ ദുർഗതി. സൈഡ് വാൾ നിർമ്മാണം പോലും ഇതുവരെ പൂർത്തിയായിട്ടില്ല. 2018 അവസാനത്തോടെ പോസ്റ്റുകളും ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിക്കുന്നതിന് ഇലക്ട്രിസിറ്റി ബോർഡിലേക്ക് അടക്കേണ്ടതിന്റെ എസ്റ്റിമേറ്റ് തയാറാക്കി കരാർ കമ്പനിക്ക് നൽകിയിരുന്നെങ്കിലും തുക കൂടുതലായതിനാൽ കമ്പനി ബുദ്ധിമുട്ട് അറിയിച്ചിരുന്നു. രണ്ട് തവണ എസ്റ്റിമേറ്റ് പുതുക്കിയെങ്കിലും ആ തുകയും കൂടുതലാണെന്ന് കരാർ കമ്പനി അറിയിച്ചതിനാൽ കരാർ കമ്പനിയും ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും ജോയിന്റ് ഇൻസ്പെക്ഷൻ നടത്തി പുതിയ എസ്റ്റിമേറ്റ് തയാറാക്കി ഒരാഴ്ച മുൻപ് ഡിവിഷൻ ഓഫീസിൽ നൽകിയിട്ടുണ്ട്. ഈ തുക അടയ്ക്കുന്ന മുറക്ക് പോസ്റ്റ്, ട്രാൻസ്ഫോർമർ എന്നിവ ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. റോഡ് നിർമ്മാണം പൂർത്തിയാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.