നെയ്യാറ്റിൻകര: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകളുടെയും സാനിറ്റൈസറിന്റെയും സൗജന്യ വിതരണം സംഘടനകൾ ഏറ്റെടുത്തു. കുടുംബശ്രീ യൂണിറ്റുകൾ മാസ്കുകൾ നിർമ്മിച്ചു തുടങ്ങി. ബ്രേക്ക് ദ ചെയിൻ പദ്ധതി ആരംഭിച്ചു.

രോഗം വരാതിരിക്കാനുള്ള ബോധവത്കരണം തുടങ്ങിയിട്ടുണ്ട്. ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കി സർക്കാർ നിർദ്ദേശം മാനിച്ച് എവിടെയും ജനം ജാഗ്രതയിലാണ്. മാസ്കുകൾ ധരിച്ചാണ് ഓഫീസുകളിലും ബാങ്കുകളിലും ജീവനക്കാരെത്തുന്നത്. കോടതികളിൽ അഭിഭാഷകർും മാസ്ക് ധരിച്ച് തുടങ്ങി. കെ.എസ്.ആർ.ടി.സി ബസുകളിൽ കണ്ടക്ടർമാരും ഡ്രൈവർമാരും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിച്ചെത്തുന്ന യാത്രക്കാരും കുറവല്ല.

കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ എംപ്ലോയീസ് അസോസിയേഷൻ സന്നദ്ധ സംഘടന സേവാസാധന' യുമായി സഹകരിച്ച് 'കൈകഴുകൽകേന്ദ്രം' തുറന്നു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ബോധവത്കരണ ലഘുലേഖകളുടെ വിതരണവും നടന്നു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി. കേശവൻകുട്ടി, എ.ടി.ഒ പള്ളിച്ചൽ സജീവ്, അയണിത്തോട്ടം കൃഷ്ണൻ നായർ, എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എസ്. സുശീലൻ, എൻ.കെ. രഞ്ജിത്ത്, എൻ.എസ്.ദിലീപ് തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.യു. നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി കോവിഡ് പ്രത്രിരോധബോധവൽക്കരണം നടത്തി. മാസ്കുകളും സാനിറ്റൈസറും വിതരണം ചെയ്തു.