vnd

വെള്ളനാട്: വെള്ളനാട്ട് നീന്തൽകുളം നിർമ്മിച്ചത് ലക്ഷങ്ങൾ മുടക്കിയാണ്. എന്നാൽ ആവശ്യത്തിന് സംരക്ഷണമില്ലാതെ ഈ നീന്തൽ കുളം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. കുളത്തിന് ചുറ്റും വളർന്ന് മൂടിയ കാടാകട്ടെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവും. പുതുതലമുറയുടെ ആരോഗ്യവും തൊഴിൽ സാദ്ധ്യതകളും മുന്നിൽ കണ്ടാണ് വർഷങ്ങൾക്ക് മുൻപ് വെള്ളനാട് ഗ്രാമപഞ്ചായത്ത് നീന്തൽക്കുളം നിർമ്മിച്ചത്. എന്നാൽ നീന്തൽ പഠിക്കാമെന്ന കുട്ടികളുടെ പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. നൂറുകണക്കിന് കുട്ടികളാണ് കുളത്തിൽ നീന്തൽ പരിശീലനം നൽകിയത്. സമീപ പഞ്ചായത്തുകളിൽ നിന്നു പോലും നൂറുകണക്കിന് കുട്ടികളാണ് ഇവിടെ പരിശീലനത്തിനായി എത്തിയിരുന്നത്. ദേശീയ സംസ്ഥാന തല നീന്തൽ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയവർ വരെ ഇക്കൂട്ടത്തിലുണ്ട്.

കുട്ടികളുടെ പരിശീലനത്തിന് വേണ്ടി പ്രധാന കുളത്തിനൊപ്പം രണ്ടു ചെറിയ കുളങ്ങളും തയാറാക്കി. കുളത്തിന് ചുറ്റുമതിൽ, പരിശീലനത്തിന് എത്തുന്നവർക്ക് വസ്ത്രങ്ങൾ മാറ്റുന്നതിന് മുറി, ശുചിമുറി എന്നിവ കൂടി സജ്ജമായത്തോടെ വെള്ളനാട് പഞ്ചായത്ത് നീന്തൽ രംഗത്ത് ശ്രദ്ധേയമാകാൻ തുടങ്ങി. ജില്ലാ അക്വാട്ടിക് മത്സരങ്ങളിൽ ഇവിടെ നിന്നുള്ള കുട്ടികൾ കഴിവ് തെളിയിച്ചു. ഇതോടെ സിമ്മിംഗ് ക്ലബ് രൂപീകരിച്ച് കുളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി. കുളത്തിന്റെ നിലവാരമുയർന്നതോടെ സ്‌പോർട്ട്‌സ് കൗൺസിലിൽ നിന്നും താത്കാലികമായി ഒരു നീന്തൽപരിശീലകനെ കൂടി ലഭിച്ചു. തുടർന്ന് പരീശീലനത്തിനായി ധാരാളം കുട്ടികളും എത്തി.

എന്നാൽ പരിശീലകന് കൃത്യമായി പ്രതിഫലം ലഭിക്കാതായതോടെ കുട്ടികളുടെ നീന്തൽ പരിശീലനം മുടങ്ങി.

കുളം അഗണനയിലായതോടെ കണ്ണമ്പള്ളി നവോദയ ആർട്‌സ് സ്‌പോർട്‌സ് ക്ലബ് പഞ്ചായത്തിന്റെ അനുമതിയോടെ വെക്കേഷൻ ക്യാംപുകൾ നടത്തി. ഇവർ തന്നെ കുളം ഏറ്റെടുത്ത് സ്ഥിരമായി പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും തുടർ പരിശീലനം നടക്കാതായി. ഇപ്പോൾ രണ്ടു വർഷമായി നീന്തൽകുളം പരിപാലിക്കാൻ ആളില്ലാതെ പൂട്ടി. ഇതോടെ പായലും മാലിന്യങ്ങളും അടിഞ്ഞ് നാശത്തിന്റെ വക്കിലായി. ലക്ഷങ്ങൾ മുടക്കിയ കുളം അടിയന്തിരമായി നവീകരിച്ച് കുട്ടികൾക്ക് പരിശീലനത്തിന് തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.