pod

കണ്ടാൽ ശരിക്കും അന്യഗ്രഹ ജീവികളുടെ വാഹനം പോലെ... ഇതാണ് തായ്‌വാനിലെ തായ്‌പെയ് സിറ്റിയിലുള്ള സാൻസി റിസോർട്ട്. സാൻസി പോഡ് ഹൗസ്, സാൻസി പോഡ് സിറ്റി തുടങ്ങിയ പേരിൽ അറിയപ്പെട്ടിരുന്ന ഇവിടം നിഗൂഡമായ പല സംഭവവികാസങ്ങളുടെയും കേന്ദ്രമായിരുന്നു. 1978ലാണ് റിസോർട്ടിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ ഒട്ടും വൈകാതെ 1980 ആയപ്പോഴേക്കും നിർമാണം പാതിവഴിയിൽ നിലച്ചു. റിസോർട്ടിന്റെ നിർമാണം തുടങ്ങിയ നാൾ മുതൽ അപകടങ്ങൾ പതിവായി. നിർമാണത്തൊഴിലാളികൾ അപകടങ്ങളിൽ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തു. കാറപടകത്തിൽ ചില തൊഴിലാളികൾ മരിച്ചു. ഗുരുതരമായ അപകടങ്ങൾ ഈ സ്ഥലത്ത് വച്ച് തൊഴിലാളികൾ നേരിട്ടു. ഒടുവിൽ നിർമാണം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

റിസോർട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്നും കുറേ അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. ഡച്ച് സൈനികരുടെ ശ്മശാനമായിരുന്നു ഇതെന്ന് ചിലർ പറയുന്നു. നിർമാണത്തിനിടെ ചില അദൃശ്യശക്തികളുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടതായി കൺസ്ട്രക്ഷൻ തൊഴിലാളികൾ വെളിപ്പെടുത്തുകയുണ്ടായി. റിസോർട്ട് നിർമാണത്തിനായി ഇവിടെ സ്ഥിതി ചെയ്‌തിരുന്ന ഒരു വലിയ ഡ്രാഗൺ പ്രതിമ പൊളിച്ചു നീക്കുകയുണ്ടായി. ഇതേത്തുടർന്നാകാം അനിഷ്ട സംഭവങ്ങൾ ഉണ്ടായതെന്ന് ചിലർ വിശ്വസിക്കുന്നു. ഉപേക്ഷികപ്പെട്ട നിലയിലായ സാൻസി റിസോർട്ടിലേക്ക് 1989മുതൽ ടൂറിസ്റ്റുകളെ അനുവദിച്ചിരുന്നെങ്കിലും പിന്നീട് അത് നിരോധിക്കുകയായിരുന്നു.

ശേഷം പാരാനോർമൽ വിദഗ്ദ്ധരും ഗവേഷകരും മാത്രമാണ് ഇവിടം സന്ദർശിച്ചിരുന്നത്. പുറത്ത് നിന്നുള്ള മറ്റാരെയും ഇവിടേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. 2008ൽ ഇവിടം പൊളിച്ചു നീക്കാൻ അധികൃതർ ഉത്തരവിട്ടു. 2010ൽ നിഗൂഡതകളുടെ കേന്ദ്രമായ സാൻസി റിസോർട്ടിനെ പൂർണമായും നീക്കം ചെയ്‌തു. സാൻസി റിസോർട്ടിന്റെ നിർമാണം നിലയ്ക്കാൻ കാരണമായ സംഭവവികാസങ്ങളെ പറ്റി ഇന്നും കൃത്യമായ ഉത്തരമില്ല.