food-safety

തിരുവനന്തപുരം : കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഭക്ഷ്യോത്പാദന, വിതരണ സ്ഥാപനങ്ങളുടെ,​ പ്രത്യേകിച്ച് ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ തുടങ്ങിയവയ്ക്ക് സമീപമുള്ള സ്ഥാപനങ്ങൾ പരിശോധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. റസ്റ്റോറന്റുകളും ബേക്കറികളുമെല്ലാം ഹാൻഡ് സാനിറ്റൈസർ, സോപ്പ് എന്നിവ ലഭ്യമാക്കണം. അതേസമയം ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ വഴി കൊറോണ പകരുമെന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും മന്ത്രി അറിയിച്ചു.

ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദ്ദേശങ്ങൾ

1. ചുമ, ശ്വാസതടസം എന്നിവ നേരിടുന്ന വ്യക്തികൾ ഭക്ഷണം പാകം ചെയ്യരുത്.


2. സ്ഥാപനങ്ങൾ നിശ്ചിത ഇടവേളകളിൽ അണുനാശിനി കൊണ്ട് വൃത്തിയാക്കണം.


3. ജീവനക്കാർ മാസ്‌ക്, ഹെയർ നെറ്റ് എന്നിവ ധരിക്കണം.


4. വൃത്തിയാക്കിയ പാത്രങ്ങളും ഗ്ലാസുകളും മാത്രം ഉപയോഗിക്കണം.


5. നേർപ്പിക്കാത്ത സോപ്പ് ലായനി/സോപ്പ് നിർബന്ധമായും കൈ കഴുകുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കണം.


6. സോപ്പ്, ഹാൻഡ് സാനിറ്റൈസർ എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തണം.


7. കാഷ് കൗണ്ടറിൽ പണം കൈകാര്യം ചെയ്യുന്നവർ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യരുത്.

8. പാൽ, മുട്ട, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ശരിയായ താപനിലയിൽ പാകം ചെയ്ത് ഉപയോഗിക്കണം.


9. പച്ചക്കറികളും പഴങ്ങളും ശുദ്ധമായ വെള്ളത്തിൽ വൃത്തിയാക്കിയ ശേഷം ഉപയോഗിക്കണം

10. ഭക്ഷണ പദാർത്ഥങ്ങൾ അണുവിമുക്ത പ്രതലങ്ങളിൽ സൂക്ഷിക്കണം.