adani

തിരുവനന്തപുരം : കൊറോണ സാമൂഹ്യവ്യാപനം തടയുന്നതിനായി കേരള സർക്കാർ തുടക്കമിട്ട ബ്രേക്ക് ദ ചെയിൻ കാമ്പെയ് നുമായി ചേർന്ന് അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി അദാനി സി.എസ്.ആർ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്ത്രീകളുടെ സ്വയം തൊഴിൽ സംരംഭങ്ങളിലെ തയ്യൽ യൂണിറ്റ് വഴി ഫെയിസ് മാസ്‌ക്കുകൾ നിർമ്മിച്ച് വിഴിഞ്ഞം പ്രദേശത്ത് വിതരണം ചെയ്യുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടു.
മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം രണ്ടിടങ്ങളിലായി അദാനി ഫൗണ്ടേഷൻ യൂണിറ്റ് സി.എസ്.ആർ. ഹെഡ് ഡോ.അനിൽ ബാലകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് വിഴിഞ്ഞം സർക്കിൾ ഇൻസ്‌പെക്ടർ പ്രവീൺ, തിരുവനന്തപുരം നഗരസഭ വിഴിഞ്ഞം സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു എന്നിവർ ചേർന്ന് നിർവഹിച്ചു. അദാനി ഫൗണ്ടേഷൻ ടീം അംഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി വിഴിഞ്ഞം സോണൽ ഓഫീസിന് മുൻവശം, വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ, തെന്നൂർകോണം ജംഗ്ഷൻ എന്നിവിടങ്ങളിൽ സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നതിനുള്ള വാട്ടർ ടാങ്കുകൾ സ്ഥാപിച്ചു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതൽ അടങ്ങിയ ബാനറുകളും തെന്നൂർക്കോണം ജംഗ്ഷനിൽ പൊതു അനൗൺസ്‌മെന്റ് സംവിധാനവും ഏർപ്പെടുത്തി.
വരുംദിവസങ്ങളിൽ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ ഫെയ്സ് മാസ്‌ക്കുകൾ നിർമ്മിച്ച് വിതരണം ചെയ്യുമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ മാർച്ച് 31 വരെയോ സർക്കാർ നിർദേശപ്രകാരം ആവശ്യാനുസരണമോ തുടരുമെന്നും അദാനി ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.