ലീഡ്
അവധിക്കാലമെങ്കിലും താരങ്ങൾ വെറുതെ ഇരിക്കുകയല്ല,കൊറോണ പ്രതിരോധത്തിനായി സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ തങ്ങളുടേതായ പങ്ക് വഹിക്കുകയും സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യുന്നു.
------------------------------------------------------------------------------------------------------------------------------------------------------------------------------
ഒരിക്കലും ഒഴിവില്ലാതിരുന്ന താരങ്ങൾക്കെല്ലാം ഇത് ഒഴിവുകാലമാണ്.
കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായി സിനിമാ ചിത്രീകരണം നിറുത്തിവച്ചതിനാലാണ് ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് പറന്ന് നടന്നഭിനയിച്ചിരുന്ന അഭിനേതാക്കൾക്ക് അപ്രതീക്ഷിതമായ അവധിക്കാലം വീണുകിട്ടിയത്.അവധിക്കാലത്ത് അവർ വെറുതെ ഇരിക്കുകയല്ല,കൊറോണ പ്രതിരോധത്തിനായി സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ തങ്ങളുടേതായ പങ്ക് വഹിക്കുകയും സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യുന്നു.
നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്ന ചിത്രം പൂർത്തിയാക്കിയ മമ്മൂട്ടി ഇപ്പോൾ എറണാകുളത്തെ വീട്ടിലാണ്. ഈ മാസം അവസാനം തുടങ്ങേണ്ടിയിരുന്ന അമൽ നീരദ് ചിത്രം ബിലാലിലാണ് മമ്മൂട്ടി ഇനി അഭിനയിക്കേണ്ടത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ഇൗ ചിത്രത്തിന്റെ ഷൂട്ടിംഗ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.വീട്ടിലിരിക്കുമ്പോഴും കൊറോണ പ്രതിരോധത്തിനെതിരായ കാമ്പയിന്റെ ഭാഗമാകുന്നുണ്ട് മമമൂട്ടി സോഷ്യൽ മീഡിയയിലൂടെ കൊറോണയ്ക്കെതിരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്നുമുണ്ട്.
മോഹൻലാൽ ഇപ്പോൾ ചെന്നൈയിലെ വീട്ടിലാണ്. മോഹൻലാൽ നായകനാകുന്ന ജിത്തു ജോസഫിന്റെ ചിത്രമായ റാമിന്റെ ഇന്ത്യയിലെ ഷൂട്ടിംഗ് പൂർത്തിയായി.ഇനി വിദേശത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. മോഹൻലാൽ അവതാരകനാകുന്ന സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയുടെ ചിത്രീകരണവും അവസാനിപ്പിച്ചു.കൊറോണയ്ക്കെതിരായ ജാഗ്രതാ നിർദ്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാൻ മോഹൻലാൽ മുൻകൈയ്യെടുക്കുന്നുണ്ട്.
പാർലമെന്റ് സമ്മേളനത്തിന് ഡൽഹിയിലാണ് സുരേഷ് ഗോപി.സമ്മേളനം തീർന്നാലെ തിരുവനന്തപുരത്തെ വീട്ടിൽ തിരിച്ചെത്തുകയുള്ളു.. സ്വകാര്യ ചാനലിൽ താരം അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്.
ജോർദാനിൽ ബ്ളെസി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിന്റെ ചിത്രീകരണത്തിരക്കിലാണ് പൃഥ്വിരാജ്. ജോർദാനിലെ വാഡിറമ്മിൽ ആണിപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.അവിടെ ഡെസേർട്ട് ക്യാമ്പിലാണ് യൂണിറ്റ് അംഗങ്ങളുടെ താമസം.ക്യാമ്പിൽ നിന്ന് ഏതാനും മിനിറ്റ് സഞ്ചരിക്കാനുള്ള ദൂരമേയുള്ളു ഷൂട്ടിംഗ് ലൊക്കേഷനിലേക്ക്.അധികതരുമായി ചർച്ച നടത്തുകയും മെഡിക്കൽ ചെക്കപ്പ് നടത്തുകയും ചെയ്തതിനാൽ ചിത്രീകരണം തുടരാൻ ഒൗദ്യോഗികമായ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചു.ആടു ജീവിതത്തിന്റെ ചിത്രീകരണത്തിന് ഒറ്റപ്പെട്ട ലൊക്കേഷനാണ് വേണ്ടതെന്നതിനാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ല.വിമാനയാത്രയിൽ മറ്റുയാത്രക്കാരോടൊപ്പം സഞ്ചരിച്ചതിനാൽ ആടുജീവിതത്തിന്റെ യൂണിറ്റിലെ രണ്ട് അഭിനേതാക്കൾ അമ്മാനിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ക്വോറന്റൈനിലാണ്. രണ്ടാഴ്ചയ്ക്കകം അവർ യൂണിറ്റിനോടൊപ്പം ചേരും.
ജോർദാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം നിറുത്തി വച്ചിരിക്കുകയാണ്. നാട്ടിൽ നിന്ന് വിവരങ്ങൾ അന്വേഷിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞ പൃഥ്വിരാജ് ലോകം നേരിടുന്ന ഈ വെല്ലുവിളിയെ ഒത്തൊരുമയോടെ അതിജീവിക്കാമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
നടി മഞ്ജുവാര്യർ തൃശൂരിലെ വീട്ടിലാണ്.മഞ്ജു നിർമ്മിച്ച് സഹോദരൻ മധുവാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിന്റെ ചിത്രീകരണം നിറുത്തിവച്ചിരിക്കുകയാണ്.ദ പ്രീസ്റ്റിൽ മഞ്ജുവിന്റെ ഏതാനും സീനുകൾ ചിത്രീകരിക്കാനുണ്ട്.
മധുവാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിന്റെ ലൊക്കേഷനിലായിരുന്ന ബിജുമേനോൻ ചിത്രീകരണം നിറുത്തിവച്ചതിനാൽ വീട്ടിലാണിപ്പോൾ.അത്യാവശ്യ കാര്യങ്ങൾക്കേ പുറത്തിറങ്ങാറുള്ളു.ചില തിരക്കഥകൾ കേൾക്കുന്നുമുണ്ട്.
നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഇൗ വീടിന്റെ നാഥന്റെ ചിത്രീകരണം നിറുത്തിവച്ചതോടെ ദിലീപ് എറണാകുളത്തെ വീട്ടിലെത്തി. സീനുകളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞെങ്കിലും ചിത്രത്തിലെ രണ്ട് പാട്ടുകൾകൂടി ഇനി ചിത്രീകരിക്കാനുണ്ട്.
ചെന്നൈയിൽ ചിത്രീകരണം പുരോഗമിച്ച് വന്നിരുന്ന ബൃന്ദാ മാസ്റ്ററുടെ ദുൽഖർ സൽമാൻ ചിത്രം ഹേ സിനാമികയും വിനീത് ശ്രീനിവാസന്റെ പ്രണവ് മോഹൻലാൽ ചിത്രം ഹൃദയവും ഷൂട്ടിംഗ് നിറുത്തി. ദുൽഖറും വിനീതും ഇപ്പോൾ ചെന്നൈയിലെ വീടുകളിലുണ്ട്.
നിവിൻപോളിയും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ജയസൂര്യയും എറണാകുളത്തെ വീടുകളിലുണ്ട്. ടൊവിനോ തോമസ് ഇരിങ്ങാലക്കുടയിലെ വീട്ടിലാണ്.അവിടെ കുടുംബാംഗങ്ങൾക്കൊപ്പം വീണുകിട്ടിയ ഇടവേള ഉല്ലാസമാക്കുകയാണ് ടൊവിനൊ.
( കേരളകൗമുദി ഫ്ളാഷ് മൂവീസ് ഡെസ്ക്ക് തയ്യാറാക്കിയത്.)