തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി എസ്.എസ്.എൽ.സിയും പ്ലസ്ടുവുമടക്കം നിലവിൽ നടന്നു കൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും സർക്കാർ മാറ്റിവച്ചു. വി.എച്ച്.എസ്.ഇ, സർവകലാശാല പരീക്ഷകളും മാറ്രിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.
എസ്.എസ്.എൽ.സിക്ക് മൂന്നും പ്ലസ് വണ്ണിനും പ്ലസ് ടുവിനും നാലും പരീക്ഷകളാണ് തീരാനുള്ളത്. എട്ട്, ഒമ്പത് ക്ലാസുകളിൽ മൂന്ന് പരീക്ഷകളാണ് ശേഷിക്കുന്നത്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തേ ഉപേക്ഷിച്ചിരുന്നു.
എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ ഇന്നലെ നടത്തേണ്ടിയിരുന്ന പരീക്ഷകൾ ഉൾപ്പെടെ മാറ്റി. സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് യു.ജി.സി അറിയിച്ചിരുന്നെങ്കിലും സുരക്ഷാ മുൻകരുതൽ ഏർപ്പെടുത്തി പരീക്ഷ തുടരാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുമ്പോൾ പരീക്ഷ തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിനെ തുടർന്ന് മാറ്റുകയായിരുന്നു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷ, എ.ഐ.സി.ടി.ഇ, ജെ.ഇ.ഇ മെയിൻ പരീക്ഷകൾ നേരത്തേ നിറുത്തി വച്ചിരുന്നു.