വർക്കല: വർക്കലയിൽ പരമ്പരാഗത ജലസ്രോതസുകൾ പലതുണ്ടെങ്കിലും പദ്ധതികൾ ആവിഷ്കരിച്ച് പരമാവധി നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളും ജനപ്രതിനിധികളും ജലഅതോറിട്ടി ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. വേനൽ തുടങ്ങിയതോടെ വർക്കലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും നഗരസഭ പ്രദേശത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജലവിതരണം നടത്താതെ കൊറോണയുടെ പേരിൽ ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെന്ന് ജനങ്ങൾ ആരോപിക്കുന്നു.

വർക്കലയിലെ പ്രധാന ജലസ്രോതസായ തൊടുവെ ശുദ്ധജല വിതരണ പദ്ധതിയെ കാര്യക്ഷമമാക്കാൻ മാറിമാറി വരുന്ന പ്രാദേശിക ഭരണകൂടങ്ങളും ജനപ്രതിനിധികളും തയ്യാറാകുന്നില്ലെന്നാണ് പൊതുവെയുളള ആക്ഷേപം. ചെമ്മരുതി, ഇടവ, വെട്ടൂർ, ഇലകമൺ, ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ എന്നിവിടങ്ങളിലുളള പരമ്പരാഗത ജലസ്രോതസുകളെ സംരക്ഷിക്കുന്നതിനും അധികൃതർ കാട്ടിവരുന്ന അനാസ്ഥ പൊതുജനങ്ങൾക്കിടയിൽ കടുത്ത നീരസത്തിനും ഇടയാക്കി വരുന്നുണ്ട്.

പരമ്പരാഗത ജലസ്രോതസുകൾ വർക്കലയിൽ മാലിന്യത്തിലകപ്പെട്ട് കിടക്കുമ്പോഴും ചില തട്ടിക്കൂട്ട് ശുചീകരണപ്രവർത്തനങ്ങളാണ് അധികൃതർ നടത്തിവരുന്നത്. ഇതിന്റെ പേരിൽ ലക്ഷങ്ങളാണ് കരാറിന്റെ അടിസ്ഥാനത്തിൽ ചില ജനപ്രതിനിധികൾ കൈപ്പറ്റുന്നതെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ വിവിധ സംഘടനകളും മറ്റും വിജിലന്റ്സിനും മറ്റു വകുപ്പുകൾക്കും പരാതി നൽകി കാത്തിരിക്കുകയാണ്.

വർക്കല മേഖലയിൽ കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്പോഴും ടാങ്കർ ലോറികളിൽ കുടിവെളളമെത്തിക്കുന്ന ലോബികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ വർക്കല നഗരസഭ ഉൾപ്പെടെയുളള ഏഴ് പഞ്ചായത്തും തയ്യാറായിട്ടില്ല. അമിത വില നൽകി കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് പലരും.

വെന്തുരുകുന്ന കടുത്ത വേനലിലും വർക്കല മേഖലയിൽ പൊതുജനം നേരിടുന്ന കുടിവെളള പ്രശ്നം പരിഹരിക്കുന്നതിൽ ജലവകുപ്പും മാറി നിൽക്കുന്നതായി പൊതുവെ ആക്ഷേപമുണ്ട്.