തിരുവനന്തപുരം: കഴിഞ്ഞ സെപ്റ്റംബറിന് ശേഷമുള്ള ആറ് മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയുള്ളപ്പോഴാണ്, രണ്ട് മാസത്തെ ക്ഷേമ പെൻഷൻ മുൻകൂറായി നൽകുമെന്ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക കൊറോണ പാക്കേജിൽ പ്രഖ്യാപിച്ചതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു എന്നാൽ, ഇന്നത്തെ ആശങ്കാജനകമായ അന്തരീക്ഷത്തിൽ വിവാദത്തിനില്ലെന്നും, സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

ആറ് മാസത്തെ പെൻഷൻ കുടിശ്ശിക സർക്കാർ നൽകുമെന്നാണ് കരുതിയത്. ഇരുപതിനായിരം കോടിയുടെ പാക്കേജിൽ 14000 കോടിയും കരാറുകാർക്ക് കുടിശ്ശിക നൽകാനാണ് . അതിനേക്കാൾ മുൻഗണന നൽകേണ്ടിയിരുന്നത് ക്ഷേമപെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കുന്നതിനാണ്. കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ഇരുപതിനായിരം കോടിയുടെ പാക്കേജ് എങ്ങനെ നടപ്പാക്കുമെന്നതിലും ആശങ്കയുണ്ട്. ആരാധനാലയങ്ങളിലും മറ്റും നിയന്ത്രണമേർപ്പെടുത്താൻ മുൻകൈയെടുത്ത സർക്കാർ , . ബിവറേജസുകളും ബാറുകളും അടയ്ക്കാത്തത് ഉചിതമല്ല ഷാപ്പ് ലേലവും നടത്തുന്നു. മദ്യപിച്ച് ബോധമില്ലാതെ നടക്കുന്നത് ഇപ്പോഴത്തെ അവസ്ഥയിൽ നല്ലതല്ല. നല്ല ബോധമാണ് വേണ്ടത്. മദ്യശാലകൾ താൽക്കാലികമായി അടച്ചിടണം.

കൊറോണ പ്രതിരോധത്തിനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എല്ലാ നടപടികളോടും യു.ഡി.എഫ് പൂർണ്ണമായി സഹകരിക്കും. പ്രതിപക്ഷ നേതാവുമൊത്ത് തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച സ്വാഗതാർഹമാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യുവിനോടും സഹകരിക്കും. അവസാന നിമിഷത്തിലെങ്കിലും സംസ്ഥാനത്ത് പരീക്ഷകൾ മാറ്റിവച്ചത് സ്വാഗതാർഹമാണ്. ക്വാറന്റൈനിൽ പോയ വിദ്യാർത്ഥികൾക്ക് എഴുതാനാവാത്ത പരീക്ഷകൾ പിന്നീടെഴുതാൻ അവസരം നൽകണം. കൊറോണ പ്രതിസന്ധിക്കിടയിലും ഇന്ധനത്തിന് മൂന്ന് ശതമാനം എക്സൈസ് നികുതി വർദ്ധിപ്പിച്ച നടപടി കേന്ദ്രസർക്കാർ പിൻവലിക്കണം. കൊറോണ നിയന്ത്രണങ്ങൾ കാരണം, ഇന്നലെ ചേരാനിരുന്ന യു.ഡി.എഫ് യോഗം ഏപ്രിൽ ആറിലേക്ക് മാറ്റി .