
പാലോട്: മലയോര ഹൈവേയുടെ നിർമ്മാണത്തിനിടെ നന്ദിയോട് പഞ്ചായത്തിന്റെ പ്രവേശനകവാടം തകർത്ത സംഭവത്തിൽ പഞ്ചായത്ത് അധികൃതർ കരാർ കമ്പനിക്കെതിരെ പരാതി നൽകി. ചുള്ളിമാനൂർ മുതൽ പാലോട് വരെയുള്ള ഭാഗത്തെ മലയോര ഹൈവേയുടെ നിർമ്മാണം നടന്നു വരികയാണ്. വിവിധ പ്രദേശങ്ങളിൽ പല ഘട്ടങ്ങളിലായാണ് നിർമ്മാണം. റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതിനിടെയാണ് ഒരു അറിയിപ്പും നൽകാതെ കരാർ ഏറ്റെടുത്തവർ ജെ.സി.ബി ഉപയോഗിച്ച് ആർച്ച് തകർത്തത്. ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് ആർച്ച് സ്ഥാപിച്ചിരുന്നത്. ആർച്ച് നീക്കം ചെയ്യുന്നതിനായി പി.ഡബ്ളി.യു അധികൃതരോ കരാർ ഏറ്റെടുത്ത സ്ഥാപനമോ അറിയിപ്പുകളൊന്നും പഞ്ചായത്തിൽ നൽകിയിരുന്നില്ല. ആർച്ച് പുനഃസ്ഥാപിക്കുന്നതിനായി കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അധികൃതർക്കും പാലോട് പൊലീസിലും പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ദീപ സുരേഷ് അറിയിച്ചു.