kovalam

കോവളം: ശക്തമായ തിരയടിയിൽ നിന്ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ സംരക്ഷിക്കാൻ നിർമ്മിച്ച ടെട്രാപോഡുകൾ കടലിൽ നിക്ഷേപിക്കുന്ന ജോലികൾ ആരംഭിച്ചു. രണ്ട് വാർഫുകൾക്കും സംരക്ഷണമൊരുക്കാനാണ് കോൺക്രീറ്റിൽ നിർമ്മിച്ച ടെട്രാപോഡുകൾ നിക്ഷേപിക്കുന്നത്. സീ വേർഡ് വാർഫിന്റെ ഏറ്റവും അവസാനത്തെ ഭാഗത്ത് കൂറ്റൻ ക്രെയിൻ ഉപയോഗിച്ചാണ് ഇന്നലെ മുതൽ ഇവ അടുക്കി തുടങ്ങിയത്. ആദ്യഘട്ടം നിർമ്മാണം പൂർത്തിയാക്കിയ 397 എണ്ണമാണ് നിലവിൽ അടുക്കുന്നതെന്ന് ടെട്രാപോഡുകളുടെ നിർമ്മാണച്ചുമതലയുള്ള തുറമുഖ എൻജിനിയറിംഗ് വിഭാഗം പറഞ്ഞു. ഓഖിയിലുണ്ടായ ശക്തമായ തിരയടിയിലും കടലേറ്റത്തിലും സീവേർഡ് വാർഫിന്റെ ഒന്നരക്കിലോമീറ്ററോളം നീളത്തിൽ സ്ഥാപിച്ചിരുന്ന ടെട്രാപോഡുകൾ സ്ഥാനം തെറ്റി കടലിൽ താഴ്ന്നിരുന്നു.