corona-virus

തിരുവനന്തപുരം:സർക്കാർ ജീവനക്കാരിൽ ചില ഗ്രൂപ്പിൽപ്പെട്ടവർ ഒന്നിടവിട്ട ദിവസം മാത്രം ഒാഫീസിലെത്തിയാൽ മതിയെന്നും, അല്ലാത്ത ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നുമുള്ള സർക്കാർ ഉത്തരവിനെച്ചൊല്ലി

ആശയക്കുഴപ്പം. ആരൊക്കെയാണ് ഈ ഗ്രൂപ്പുകളിൽപ്പെടുക എന്നറിയാൻ ജീവനക്കാരുടെ നെട്ടോട്ടത്തിലാണ്.

കേന്ദ്ര ഉത്തരവിനനുസൃതമായി പൊതുഭരണ വിഭാഗം ഇന്നലെ ഇറക്കിയ ഉത്തരവിൽ ഗ്രൂപ്പ് ബി,സി ജീവനക്കാർ എന്നാണെഴുതിയിരിക്കുന്നത്. എന്നാൽ, കേരള സർവീസ് റൂൾ പ്രകാരം ക്ലാസ് ഒന്ന്,​ രണ്ട് മൂന്ന് നാല് ജീവനക്കാരാണുള്ളത്. വകുപ്പ് മേധാവി മുതൽ താഴോട്ട് ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർ ക്ലാസ് ഒന്നിലാണ്. അണ്ടർ സെക്രട്ടറി,​ സീനിയർ സൂപ്രണ്ട് മുതൽ താഴെയുള്ളവർ ക്ലാസ് രണ്ട് ഓഫീസർമാർ. ഹെഡ് ക്ലാർക്ക്,​ ടൈപ്പിസ്റ്ര്,​ ഡ്രൈവർ തുടങ്ങിയർ ക്ലാസ് മൂന്നിലും, പ്യൂൺ,​ ഓഫീസ് അറ്രൻഡന്റ് ,​സ്വീപ്പർ,​ സാനിറ്റേഷൻ വർക്കർ തുടങ്ങിയവർ ക്ലാസ് നാലിലുമാണ്. പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ തസ്തികകൾ വ്യക്തമാക്കാത്താത്തതും, കേരളത്തിൽ ഗ്രൂപ്പ് പ്രയോഗം നിലവിലില്ലാത്തതുമാണ് പ്രശ്നം.

എന്നാൽ ,ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ടിൽ യാത്രാ ബത്ത അനുവദിക്കുന്നതിന് മാത്രമാണ് കേരളത്തിൽ ജീവനക്കാരെ തരം തിരിച്ചതെന്നും വാദമുണ്ട്. 55350-101400 സ്കെയിലിൽ വരുന്നവരെ ഗ്രൂപ്പ് എ, 335700 -75600 ശമ്പള സ്കെയിലുകാരെ ഗ്രൂപ്പ് ബി, 17000-37500 സ്കെയിലുകാരെ ഗ്രൂപ്പ് സി,16500- 35700 സ്കെയിലുകാരെ ഗ്രൂപ്പ് ‌ഡി എന്നിങ്ങനെ കഴിഞ്ഞ ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ തരംതിരിച്ചിട്ടുണ്ട്.