തിരുവനന്തപുരം:സർക്കാർ ജീവനക്കാരിൽ ചില ഗ്രൂപ്പിൽപ്പെട്ടവർ ഒന്നിടവിട്ട ദിവസം മാത്രം ഒാഫീസിലെത്തിയാൽ മതിയെന്നും, അല്ലാത്ത ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നുമുള്ള സർക്കാർ ഉത്തരവിനെച്ചൊല്ലി
ആശയക്കുഴപ്പം. ആരൊക്കെയാണ് ഈ ഗ്രൂപ്പുകളിൽപ്പെടുക എന്നറിയാൻ ജീവനക്കാരുടെ നെട്ടോട്ടത്തിലാണ്.
കേന്ദ്ര ഉത്തരവിനനുസൃതമായി പൊതുഭരണ വിഭാഗം ഇന്നലെ ഇറക്കിയ ഉത്തരവിൽ ഗ്രൂപ്പ് ബി,സി ജീവനക്കാർ എന്നാണെഴുതിയിരിക്കുന്നത്. എന്നാൽ, കേരള സർവീസ് റൂൾ പ്രകാരം ക്ലാസ് ഒന്ന്, രണ്ട് മൂന്ന് നാല് ജീവനക്കാരാണുള്ളത്. വകുപ്പ് മേധാവി മുതൽ താഴോട്ട് ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർ ക്ലാസ് ഒന്നിലാണ്. അണ്ടർ സെക്രട്ടറി, സീനിയർ സൂപ്രണ്ട് മുതൽ താഴെയുള്ളവർ ക്ലാസ് രണ്ട് ഓഫീസർമാർ. ഹെഡ് ക്ലാർക്ക്, ടൈപ്പിസ്റ്ര്, ഡ്രൈവർ തുടങ്ങിയർ ക്ലാസ് മൂന്നിലും, പ്യൂൺ, ഓഫീസ് അറ്രൻഡന്റ് ,സ്വീപ്പർ, സാനിറ്റേഷൻ വർക്കർ തുടങ്ങിയവർ ക്ലാസ് നാലിലുമാണ്. പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ തസ്തികകൾ വ്യക്തമാക്കാത്താത്തതും, കേരളത്തിൽ ഗ്രൂപ്പ് പ്രയോഗം നിലവിലില്ലാത്തതുമാണ് പ്രശ്നം.
എന്നാൽ ,ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ടിൽ യാത്രാ ബത്ത അനുവദിക്കുന്നതിന് മാത്രമാണ് കേരളത്തിൽ ജീവനക്കാരെ തരം തിരിച്ചതെന്നും വാദമുണ്ട്. 55350-101400 സ്കെയിലിൽ വരുന്നവരെ ഗ്രൂപ്പ് എ, 335700 -75600 ശമ്പള സ്കെയിലുകാരെ ഗ്രൂപ്പ് ബി, 17000-37500 സ്കെയിലുകാരെ ഗ്രൂപ്പ് സി,16500- 35700 സ്കെയിലുകാരെ ഗ്രൂപ്പ് ഡി എന്നിങ്ങനെ കഴിഞ്ഞ ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ തരംതിരിച്ചിട്ടുണ്ട്.