വിതുര: 30, 37, 88, 0144 രൂപ വരവും, 29,34,12,000 രൂപ ചെലവും,1,03,78,014 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വിതുര പഞ്ചായത്തിൽ പാസാക്കി. പുതിയനികുതി വർദ്ധന ഉൾപ്പെടുത്താതെ ജനകീയ വികസനത്തിന് ഉൗന്നൽ നൽകുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരിയും വൈസ് പ്രസിഡന്റ് ബി. അനിൽകുമാറും അറിയിച്ചു. മാലിന്യസംസ്കരണം, ഹരിതസേനപദ്ധതി, പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത്, സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയും നടപ്പിലാക്കും. പ്രളയം മൂലം തകർന്നറോഡുകൾ, പാലങ്ങൾ എന്നിവ നന്നാക്കും. വിദ്യാഭ്യാസം, ജലസേചനം, ആരോഗ്യം, പട്ടികജാതി പട്ടികവർഗമേഖല തുടങ്ങിയവയിൽ നിരവധി വികസനപ്രവർത്തനങ്ങൾക്കായി തുക നീക്കി വച്ചിട്ടുണ്ട്. ബഡ്ജറ്റിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ബഡ്ജറ്റ് പ്രഹസനവും നിരാശാജനകവുമാണെന്നും, കാർഷിക പട്ടികവർഗ മേഖലകളെ അവഗണിച്ച് പൊതു വികസനത്തിന് ഒരു രൂപ പോലും വകയിരുത്തിയില്ലെന്നും കോൺഗ്രസ് അംഗങ്ങളായ കല്ലാർ മുരളീധരൻനായർ, ജി.ഡി. ഷിബുരാജ്, ജി.പി. പ്രേംഗോപകുമാർ, എ. അനിൽ, പി. ജലജകുമാരി, എം. ശോഭന, സൈഫിൻസ എന്നിവർ ആരോപിച്ചു.