കാട്ടാക്കട:ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പൂർവവിദ്യാർത്ഥി കൂട്ടായ്മ മാതൃകയാകുന്നു.കാട്ടാക്കട പി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂളിലെ 2000 ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ അക്ഷരമുറ്റം സൗഹൃദ കൂട്ടായ്മയാണ് വിവിധ പ്രവർത്തനങ്ങളിലൂടെ സജീവമാകുന്നത്.
ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂട്ടായ്മ ഏറ്റെടുക്കുകയുണ്ടായി.
ഗുരുതരമായ രോഗം ബാധിച്ച വെള്ളറടയിലെ ഒന്നര വയസുകാരൻ അദ്രിനാഥ്,അമ്പൂരിയിലെ നിജി,വിളപ്പിൽശാലയിലെ ബിന്ദു എന്നിവർക്ക് സാമ്പത്തിക സഹായമുൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കാൻ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.അംഗങ്ങളും അവരുടെ സുഹൃത്തുക്കളും നൽകുന്ന തുക മാത്രമാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരുൾപ്പെടെ നൂറോളം പേർ ഈ കൂട്ടായ്മയുടെ ഭാഗമായുണ്ട്.ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന കുറച്ചു പേരെയെങ്കിലും സഹായിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇനിയും ഒരു പാട് പേർക്ക് സഹായകമാകുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്നും ഇരുപത് വർഷങ്ങൾക്ക് ശേഷം ഒത്തുകൂടിയ അക്ഷരമുറ്റം കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു.