വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കൊറോണ പ്രതിരോധം ശക്തമാക്കാനും സാമൂഹ്യവ്യാപനം നിയന്ത്റിക്കാനും കർമ്മ പരിപാടികൾ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 65 വയസിനി മുകളിൽ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കി. ജീവിതശൈലി രോഗമുള്ളവരുടെയും കാൻസർ, കിഡ്നിരോഗം, ശ്വാസംമുട്ട് എന്നിവ ഉളിളവരുടെയും കിടപ്പ് രോഗികളുടെയും പ്രത്യേക പട്ടിക ആശാ വോളണ്ടിയർമാർ, അങ്കണവാടി വർക്കർമാർ, പാലിയേറ്റീവ് നേഴ്സ്, പാലിയേറ്റീവ് വോളണ്ടിയർമാർ എന്നിവർ ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. ഒരോ വാർഡിലും 10 മുതൽ 16 പേരടങ്ങുന്ന സംഘവും രൂപീകരിച്ചു. ഇവർക്കാവശ്യമായ പരിശീലനവും നൽകി. കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്ക് പുതിയ തൂവാല സൗജന്യമായി നൽകുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തിയവർ 28 ദിവസം നിർബന്ധമായും വീടുകളിൽ മറ്റാരുമായും സമ്പർക്കമില്ലാതെ കഴിയേണ്ടതാണ്. ചികിത്സാ ആവശ്യങ്ങൾക്ക് മാത്രമേ ഇവർ വീടുവിട്ടിറങ്ങാവു. ഉത്സവങ്ങൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ എന്നിവയ്ക്കായി 50ൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരവും 1955ലെ തിരുകൊച്ചി പൊതുജനാരോഗ്യ നിയമപ്രകാരവും നിയമ നടപടി സ്വീകരിക്കുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അൻവർ അബ്ബാസ് അറിയിച്ചു.