vld1

വെള്ളറട: മലയോര ഗ്രാമങ്ങളിൽ കൊറോണക്കെതിരെ ജാഗ്രതാ കാമ്പെയ്നുകൾ സജീവം .ഡി.വൈ.എഫ്.ഐ ,എസ്.എഫ്.ഐ പ്രവർത്തകർ ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി വാഷ് ബൂത്തുകൾ ആരംഭിച്ചു.ബാലസംഘം ആനപ്പാറയിൽ ആരംഭിച്ച വാഷ് ബൂത്ത് ജില്ലാ പ്രസിഡന്റ് അഹല്യ ഉദ്ഘാടനം ചെയ്തു.ഇട വാലിൽ ഡി.വൈ.എഫ്.ഐ ആരംഭിച്ച വാഷ് ബൂത്ത് ജില്ലാ പഞ്ചായത്തു ക്ഷേമ കാര്യ അദ്ധ്യക്ഷ സി.എസ്.ഗീതാ രാജശേഖരൻ ഉദ്ഘാടനം ചെയ്തു.പ്രധാന കവലകളിലും സ്ഥാപനങ്ങളുടെ മുന്നിലും വാഷ് ബൂത്തുകൾ തുറന്നിട്ടുണ്ട്.അമ്പൂരി,വെള്ളറട,ആര്യങ്കോട്,കന്നത്തുകാൽ,പെരുങ്കടവിള തുടങ്ങിയ പഞ്ചായത്തുകളിൽ അവലോകന യോഗം ചേരുകയും ആരോഗ്യ വകുപ്പും കുടുംബശ്രീകളും ജനപ്രതിനിധികളും സംയുക്തമായി ജാഗ്രതാ കാമ്പെയിൻ പ്രവർത്തനങ്ങൾ ശക്തമായി തുടരാൻ തീരുമാനിക്കുകയും ചെയ്തു.പെരുംങ്കടവിള,വെള്ളറട എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും പൂഴനാട്,മായ,കുന്നത്തുകാൽ എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ സമഗ്രമായ സർവേ നടത്തി സാമൂഹിക സുരക്ഷ ഉറപ്പാക്കി വരുന്നു.പാറശാല മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സി.കെ. ഹരീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി സ്ഥിതി ഗതികൾ വിലയിരുത്തി. അതിർത്തി പ്രദേശങ്ങളിൽ തമിഴ്നാടും ശക്തമായ സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.തെക്കൻ കുരിശുമല തീത്ഥാടനം,ചെഴുങ്ങാനൂർ മഹാദേവർ ക്ഷേത്ര ഉത്സവം തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.തമിഴ്നാട് അതിർത്തിയായ കടുക്കറയിൽ തമിഴ്നാട് ആരോഗ്യവകുപ്പും പൊലീസും വാഹന പരിശോധന കർശനമാക്കി.വാഹനങ്ങൾ അണുവിമുക്തമാക്കിയ ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്.