തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനം കൊറോണ ഭീഷണി അകന്ന ശേഷം മതിയെന്ന് യു.ഡി.എഫിൽ ധാരണ. ഇന്നലെ കേരള കോൺഗ്രസ്- ജോസഫ്, ജോസ് വിഭാഗങ്ങളുമായി വെവ്വേറെ നടത്തിയ ഉഭയകക്ഷി ചർച്ചകളിൽ , കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്കായിരുന്നു പ്രാധാന്യം.
കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്റേതാണെന്ന് ചർച്ചയിൽ കോൺഗ്രസ് നേതൃത്വം ആവർത്തിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉടനേ ഉപതിരഞ്ഞെടുപ്പിന് സാദ്ധ്യതയില്ല. ജൂൺ 19വരെ കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കാലാവധിയുണ്ട്.
യു.ഡി.എഫ് സെക്രട്ടറി സ്ഥാനത്തിനുള്ള അവകാശവാദം കേരള കോൺഗ്രസ്-ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് ആവർത്തിച്ചു. കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ട ജോണി നെല്ലൂരിന് നൽകിയ പദവിയാണ് യു.ഡി.എഫ് സെക്രട്ടറി സ്ഥാനമെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. ആ പദവിയിലിരുന്ന് മുന്നണിക്കും പാർട്ടിക്കും വിരുദ്ധമായ നടപടികളാണ് അദ്ദേഹം സ്വീകരിച്ചതെന്ന് അനൂപ് പറഞ്ഞു. യു.ഡി.എഫിലെ പാർട്ടി പ്രതിനിധിയായി വാക്കനാട് രാധാകൃഷ്ണനെ ഉൾപ്പെടുത്തണമെന്ന അനൂപിന്റെ ആവശ്യം അംഗീകരിച്ചു.