police
സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അവതരിപ്പിച്ച ബോധവൽകരണഡാൻസിലെ ഒരു രംഗം.

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാൻ കൈകൾ അണുവിമുക്തമാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ച് കേരള പൊലീസ് പുറത്തിറക്കിയ വീഡിയോ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഏറ്റെടുത്തു, ഒപ്പം യു.എസ് എംബസിയുടെ അഭിനന്ദനവും. വൈറസ് ബാധ ചെറുക്കുന്നതിന് സർക്കാർ ആരംഭിച്ച 'ബ്രേക്ക് ദ ചെയിൻ' കാമ്പെയിനിന്റെ ഭാഗമായി സ്​റ്റേ​റ്റ് പൊലീസ് മീഡിയ സെന്ററാണ് വീഡിയോ തയ്യാറാക്കിയത്. ഒരു മണിക്കൂർ പരിശീലനത്തിനുശേഷം പൊലീസ് മീഡിയ സെന്ററിൽ തന്നെയാണ് ഡാൻസ് ഷൂട്ട് ചെയ്തത്. മീഡിയ സെന്ററിലെ പൊലീസുകാരായ ഷിഫിൻ സി. രാജ്, രതീഷ് ചന്ദ്രൻ, വി.വി. അനൂപ് കൃഷ്ണ, ബി. ജഗത്ചന്ദ്, സി.പി. രാജീവ്, എം.വി. ഹരിപ്രസാദ് എന്നിവരാണ് 'അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'കലക്കാത്ത' എന്ന ഗാനത്തിന് ചുവട് വച്ചത്.

രാജ്യത്തെ എല്ലാ ഭാഷകളിലെ ചാനലുകളും ഓൺലൈൻ ന്യൂസ് പോർട്ടലുകളും സ്​റ്റേ​റ്റ് പൊലീസ് മീഡിയ സെന്ററിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് വാർത്ത നൽകി.

റോയിട്ടേഴ്സ്, എ.എഫ്.പി, എ.എൻ.ഐ എന്നീ അന്തർദേശീയ വാർത്താ ഏജൻസികളാണ് വീഡിയോ പങ്കുവച്ചത്. വ്യാഴാഴ്ച ബി.ബി.സി, ഫോക്സ് ന്യൂസ് 5, റഷ്യ ടുഡേ, സ്‌കൈ ന്യൂസ്, സൗത്ത് ചൈന മോർണിംഗ് പോസ്​റ്റ്, ഇ​റ്റാലിയൻ ചാനലായ ട്രെന്റിനോ, ഡെച്ച് ടി.വി ചാനലായ എൻ.ഒ.എസ്, ടർക്കി ചാനലായ എ ന്യൂസ് എന്നീ വിദേശ മാദ്ധ്യമങ്ങളും കേരള പൊലീസിനെ പ്രശംസിച്ച് വാർത്ത നൽകി.

സ്​റ്റേ​റ്റ് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രീകരണത്തിന് മീഡിയ സെന്ററിലെ ജീവനക്കാരായ ബി.വി. കലയും എസ്.എൽ. ആദർശും സഹായികളായി. ജീവനക്കാരനായ ഹേമന്ദ് ആർ. നായർ കാമറയും എഡി​റ്റിംഗും കൈകാര്യം ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ സ്​റ്റേ​റ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിൽ പോസ്​റ്റ് ചെയ്ത വീഡിയോ മിനി​ട്ടുകൾക്കകം വൈറലായി. ഒരു രൂപ പോലും മുതൽ മുടക്കാതെ സ്വന്തം കാമറയും എഡി​റ്റിംഗ് സൗകര്യവും ഉപയോഗിച്ചായിരുന്നു നിർമ്മാണം. ചൊവ്വാഴ്ച തന്നെ പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്റി പിണറായി വിജയൻ ട്വി​റ്ററിൽ വീഡിയോ പങ്കുവച്ചു. മന്ത്റി ടി.എം. തോമസ് ഐസകും ഫേസ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു. ഡൽഹിയിലെ യു.എസ് എംബസിയും ആശംസയുമായി അവരുടെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചു.