വെഞ്ഞാറമൂട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾകൂട്ടം കൂടരുതെന്ന സർക്കാർ നിർദ്ദേശം മാനിച്ചു പൊതു സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ചന്തകൾ, നിരത്തുകൾ, വാണിജ്യ വ്യവസായ മേഖലകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, ഹോട്ടലുകൾ തുടങ്ങിയവ വിജനമായിരിക്കുകയാണ്.

എല്ലാ മേഖലയിലും കച്ചവടം കുറഞ്ഞത് കാരണം വരുമാനം കുറഞ്ഞു. അതുകാരണം നിലവിലെ ജീവനക്കാരെ നിലനിർത്തി ശമ്പളം കൊടുക്കാൻ സ്ഥാപന ഉടമകൾക്ക് സാദ്ധിക്കാതെ വന്നതിനാൽ പട്ടിണിയാകാൻ പോകുന്നത് വെഞ്ഞാറമൂടിന്റെ പരിസരപ്രദേശങ്ങളിലെ സാധാരണ ജനങ്ങളാണ്. അതിൽ ഏറ്റവുമധികം സ്ത്രീകളാണ് കുടുംബം പുലർത്താനായി വസ്ത്രവ്യാപാര ശാലകളിലും പച്ചക്കറിപലവ്യഞ്ജന കടകളിലും വീടുകളിലും ബേക്കറികളിലുമായി ജോലി ചെയ്തു വരുന്നത്. ദിവസ വേതനാടിസ്ഥാനത്തിലാണ് മിക്ക കടകളിലും ജോലിക്ക് ഇവർ നിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉടമകൾ ജീവനക്കാരെ പിരിച്ചുവിടുന്ന അവസ്ഥയാണ് കാണുന്നത്. കെട്ടിട നിർമാണ മേഖലയിൽ പണി എടുക്കുന്നവരുടെയും സ്ഥിതി ഇതാണ്. ഈ അവസ്ഥ തുടർന്നാൽ വീട് പട്ടിണിയാകുന്നതിനോടൊപ്പം വൻ കടബാദ്ധ്യതകളിലേക്കും കൂടി ഗ്രാമീണ മേഖല ചെന്നെത്തും.

വിവിധ മേഖലകളിലെ നിരവധി കലാകാരൻമാരെകൊണ്ട് അനുഗ്രഹീതമാണ് വെഞ്ഞാറമൂടിലെ ഗ്രാമങ്ങൾ. ഉത്സവകാലം മുന്നിൽകണ്ട് നെയ്തുകൂട്ടിയ സ്വപ്നങ്ങൾ എല്ലാം തകിടം മറിഞ്ഞു. ഇനി എന്തു ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് കലാകാരൻമാർ. ഉത്സവ സീസൺ മുന്നിൽ കണ്ടാണ് കലാകാരൻമാർ പലരിൽ നിന്നും കടം വാങ്ങിയതും കൊള്ള പലിശക്കാരിൽനിന്ന് വായ്പ്പയെടുത്തതും. ഉത്സവ സീസൺ കഴിയുന്നതോടെ കടമെല്ലാം വീട്ടാം എന്ന സ്വപ്നമാണ് ഇപ്പോൾ തകർന്നടിഞ്ഞത്.