നെടുമങ്ങാട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ നെടുമങ്ങാട് നഗരവികസന മാസ്റ്റർ പ്ലാനും സ്റ്റേഡിയം നിർമ്മാണ പദ്ധതിയും തകിടം മറിക്കാൻ നീക്കമെന്ന് പരാതി. മാസ്റ്റർപ്ലാൻ അംഗീകാരവുമായി ബന്ധപ്പെട്ട് ബഹുജന പങ്കാളിത്തത്തോടെ നടക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് അട്ടിമറി നീക്കം സജീവമായത്. വികസന പദ്ധതികളിൽ ശ്രദ്ധേയമായ പത്താംകല്ലിലെ നിർദ്ദിഷ്ട സ്റ്റേഡിയം നാട്ടുകാരുടെ അറിവോടെയല്ലെന്ന ആരോപണവുമായി ചിലർ രംഗത്ത് വന്നത് മാസ്റ്റർപ്ലാനിനു തിരിച്ചടിയായി. സ്റ്റേഡിയം വന്നാൽ പരിസ്ഥിതിയെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. വർഷങ്ങൾക്ക് മുമ്പ് നിലം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടുള്ള ഒമ്പത് ഏക്കറോളം സ്ഥലമാണ് സ്റ്റേഡിയത്തിനായി നഗരസഭ കണ്ടെത്തിയിട്ടുള്ളത്. നഗരസഭ രൂപീകരിച്ച് 44 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്റ്റേഡിയം അടക്കമുള്ള സുപ്രധാന വികസന നിർദേശങ്ങൾ ഉൾപ്പെടുത്തി മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. 2015ലും സമാനമായ സ്ഥിതി രൂപപ്പെട്ടിരുന്നു. അന്തിമഘട്ടത്തിലെത്തിയ മാസ്റ്റർപ്ലാൻ വിജ്ഞാപനം ചെയ്യാനാകാതെ കാലഹരണപ്പെടുകയായിരുന്നു. കായിക പരിശീലനത്തിന് നഗരത്തിൽ പൊതുസ്ഥലം ഇല്ലെന്ന് ആക്ഷേപിക്കുന്നവർ സ്റ്റേഡിയം നിർമ്മാണത്തിന് തടസം നിൽക്കുകയാണെന്ന് ആക്ഷേപമുണ്ട്. തലസ്ഥാനത്തെ സ്റ്റേഡിയത്തെ ആശ്രയിച്ചാണ് നിലവിൽ നെടുമങ്ങാട്ടെ യുവാക്കൾ കായിക പരിശീലനം നടത്തുന്നത്.