തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാന സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് രണ്ടാഴ്ചത്തേക്ക് ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് സെക്‌ഷൻ ഓഫീസർ, സൂപ്രണ്ട് വരെ തസ്തികകളിലുള്ള ജീവനക്കാരിൽ അമ്പത് ശതമാനം പേർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതി. ശനിയാഴ്ചകൾ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും.
ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാർക്കാണ് ഒന്നിട വിട്ട ദിവസങ്ങളിൽ അവധി കിട്ടുക. ജീവനക്കാരെ ഇത്തരത്തിൽ മാറി മാറി ജോലിക്ക് നിയോഗിക്കാനാവശ്യമായ ക്രമീകരണം അതത് ഓഫീസ് മേധാവികൾ വരുത്തണം. ഓഫീസിലെത്താത്ത ദിവസങ്ങളിൽ ജീവനക്കാർ ടെലിഫോണോ,മറ്റ് ഇലക്ട്രോണിക് മാദ്ധ്യമങ്ങളോ വഴി നിരന്തരം ഓഫീസ് മേധാവിയുമായി ബന്ധപ്പെടുന്നുവെന്ന് ഉറപ്പാക്കണം. അത്യാവശ്യമായി മേലധികാരി ആവശ്യപ്പെട്ടാൽ ഓഫീസിലെത്തണം.ഹാജരാകാത്ത ദിവസങ്ങളിൽ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യമായ വി.പി.എൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ വകുപ്പുതലവൻമാർ പ്രത്യേകം ശ്രദ്ധിക്കണം.
ഏതെങ്കിലും ജീവനക്കാരുടെ വീടുകളിൽ ക്വാറന്റൈൻ (നിരീക്ഷണം)നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവരുണ്ടെങ്കിൽ അത്തരം ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 14 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് ബന്ധപ്പെട്ട മേലധികാരികൾക്ക് അനുവദിക്കാം.
അത്യാവശ്യ സേവനങ്ങൾക്ക് ബാധകമല്ല കൊറോണ വ്യാപനം തടയൽ, അത്യാവശ്യ ചികിത്സാ സൗകര്യങ്ങളൊരുക്കൽ, രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിക്കാനാവശ്യമായ ക്രമീകരണങ്ങൾ, കുടിവെള്ള വിതരണം, വാർത്താവിതരണം തുടങ്ങിയ അവശ്യമേഖലകളിലും മറ്റ് അത്യാവശ്യ സേവനങ്ങളിലുമുള്ള ജീവനക്കാർക്ക് താൽക്കാലിക ക്രമീകരണം ബാധകമല്ലെന്ന് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിൽ വ്യക്തമാക്കി. അദ്ധ്യാപകർക്ക് 31 വരെ അവധി സംസ്ഥനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്ക്കൂൾ കോളേജ് അദ്ധ്യാപകർക്ക് ഇന്നു മുതൽ 31വരെ അവധി നൽകും. അതുകഴിഞ്ഞാൽ വേനൽ അവധി ആരംഭിക്കും. അധികമായി കിട്ടുന്ന അവധി ദിവസങ്ങൾ പിന്നീട് പ്രവൃത്തി ദിവസങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ റിവക്കവറി നീട്ടി കൊറോണയുടെ പശ്ചാത്തലത്തിൽ , നടന്നുവരുന്ന റവന്യു റിക്കവറി നടപടികളുടെ സമയപരിധി ഏപ്രിൽ 30വരെ നീട്ടി