കോവളം: വിഴിഞ്ഞം മുക്കോല ജംഗ്ഷനിൽ നാലംഗ സംഘത്തിന്റെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. മുക്കോല കാഞ്ഞിരംവിള ലക്ഷം വീട് കോളനിയിൽ ജോൺ (25) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മുക്കോല കാഞ്ഞിരംവിള ലക്ഷം വീട് കോളനിയിൽ ഇഗ്‌നേഷ്യസിനെ (34) നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. ഇതേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മർദ്ദനമേറ്റ ഇഗ്‌നേഷ്യസും അറസ്റ്റിലായ ജോണിന്റെ സഹോദരൻ മുക്കോല പഞ്ചവടി ലെയ്‌നിൽ താമസക്കാരനായ ജോസും ഇരു വീടുകളുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. എന്നാൽ ഇരുവരുടെയും ഭാര്യമാർ തമ്മിൽ അടുത്തിടെ പിണങ്ങുകയും സംഭവവുമായി ബന്ധപ്പെട്ട് ഇതു ചോദിക്കാൻ ഇഗ്‌നേഷ്യസ് ജോസിന്റെ വീട്ടിലെത്തി വഴക്കിടുകയുമായിരുന്നു. തുടർന്ന് ജോസ്, അനുജൻ ജോൺ, സുഹൃത്തുക്കളായ കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശികളായ അനീഷ്, വിപിൻ എന്നിവരുമായി മുക്കോല ജംഗ്ഷനിലെത്തി ഇഗ്‌നേഷ്യസിനെ ചവിട്ടിയ ശേഷം സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് ജോസ് മാത്രം മുഖത്ത് പലവട്ടം ഇടിക്കുകയുമായിരുന്നു. സംഭവ ശേഷം ഇഗ്‌നേഷ്യസിനെ സംഘം ആട്ടോയിൽ കടത്തിക്കൊണ്ടു പോയതായും വിഴിഞ്ഞം എസ്.ഐ സുനിൽകുമാർ പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. മർദ്ദിക്കുന്ന രംഗങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയത്. ഇഗ്‌നേഷ്യസിനെ വിഴിഞ്ഞത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് മൊഴി രേഖപ്പെടുത്തുകയും ഇന്നലെ പുലർച്ചയോടെ ജോണിനെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.എന്നാൽ ജോൺ നേരിട്ട് മർദ്ദിച്ചിട്ടില്ലെന്നും വിഴിഞ്ഞം പൊലീസ് മനഃപൂർവം കേസിൽ കുടുക്കിയതാണെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ജോണിന്റെ ബന്ധുക്കൾ പറഞ്ഞു.