മനുഷ്യനെ ഒന്നിപ്പിക്കുന്നതിനുള്ള ഈശ്വരഭക്തിയുടെയും ഈശ്വരവിശ്വാസത്തിന്റെയും നിലയങ്ങളായിട്ടാണ് ആരാധനാലയങ്ങളെ ഗുരുദേവതൃപ്പാദങ്ങൾ വിഭാവനം ചെയ്തിരുന്നത്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ മനുഷ്യനെ ഭിന്നിപ്പിക്കുന്നതും കലഹിപ്പിക്കുന്നതും വിവേചിപ്പിക്കുന്നതുമായി എന്തെല്ലാമാണോ ഉള്ളത്, അവയെയെല്ലാം നിരുത്സാഹപ്പെടുത്തുന്നതും നിരാകരിക്കുന്നതുമായ ഒരു പൊതുഇടമാവണം ആരാധനാലയങ്ങൾ എന്നതായിരുന്നു തൃപ്പാദങ്ങളുടെ സങ്കല്പം. ഗുരുദേവന്റെ ക്ഷേത്രപ്രതിഷ്ഠകളും ക്ഷേത്രസന്ദേശങ്ങളുമെല്ലാം തന്നെ ഈ സങ്കല്പത്തെ അനാവരണം ചെയ്യുന്നതാണ്.
ക്ഷേത്രങ്ങൾ എന്തിനു വേണ്ടിയാണെന്നും എങ്ങനെ നടത്തണമെന്നും ഏതുവിധം നിലനിറുത്തണമെന്നും അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമെന്നും ഒക്കെയുള്ള തൃപ്പാദങ്ങളുടെ സുവ്യക്തമായ നിർവചനങ്ങളും കാഴ്ചപ്പാടുകളും മറയില്ലാതെ നാം സ്വാംശീകരിക്കുകയും പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിരുന്നുവെങ്കിൽ ആരാധനാലയങ്ങൾ നമ്മെയെല്ലാം ഒന്നിപ്പിക്കുന്ന ദിവ്യതയുടെ ഇടങ്ങളായിത്തീരുമായിരുന്നു. ജാതിയും മതവും ദൈവവും വിശ്വാസവും പ്രത്യയശാസ്ത്രങ്ങളുമൊന്നും അതിനൊരു വിഘാതമായിത്തീരുമായിരുന്നില്ല.
ഈ ജഗത്തായ ജഗത്തിലെല്ലാം ഈശ്വരൻ നിറഞ്ഞു ആവസിക്കുന്നുവെന്ന ഈശാവാസ്യോപനിഷദ് ദർശനവും, അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻപദം പുകഴ്ത്തുന്നു ഞങ്ങളങ്ങ് ഭഗവാനേ ജയിക്കുക എന്ന ഗുരുദേവദർശനവും ഈശ്വരസ്വരൂപത്തിന്റെ നിരതിശയമായ ഏകീഭാവത്തെ ഒന്നുപോലെ വെളിപ്പെടുത്തുന്നതാണ്. ദൈവം ഒന്നേയുള്ളൂ അനേകമില്ല എന്ന പരമസത്യത്തെ സുദൃഢമാക്കുന്നതാണ് ഈ ഋഷിദർശനങ്ങൾ. അതുകൊണ്ടുതന്നെ മനുഷ്യനെ പരസ്പരം വേറുവേറാക്കുന്ന യാതൊന്നിനും ഇടമില്ലാത്തിടമാവണം ദേവാലയങ്ങൾ എന്ന ഗുരുദേവന്റെ ക്ഷേത്രസങ്കല്പം വിശ്വമാനവികതയുടെ ശ്രീകോവിലുകളായി ആരാധനാലയങ്ങളെ നിലനിറുത്തണമെന്നതിന്റെ ദാർശനികാഹ്വാനം കൂടിയാണ്. ഇങ്ങനെ ക്ഷേത്രങ്ങളെ നോക്കിക്കാണുന്ന ഒരു സമൂഹത്തിനു ഒരു ആരാധനാലയവും അന്യമാവുകയില്ല. അവിടുത്തെ ആഘോഷങ്ങളും ഉത്സവങ്ങളും ഏതെങ്കിലുമൊരു ജാതിമതവിഭാഗത്തിന്റേതു മാത്രമായി ചുരുങ്ങിപ്പോവുകയുമില്ല.
ക്ഷേത്രോത്സവങ്ങളെല്ലാം മനുഷ്യനെ ഒന്നിപ്പിക്കുന്നതിനും ആനന്ദിപ്പിക്കുന്നതിനും വേണ്ടി ഓരോരോ കാലങ്ങളിൽ രൂപപ്പെട്ടു വന്നിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഈശ്വരഭക്തിയുടെയും ഈശ്വരവിശ്വാസത്തിന്റെയും നിറവിനെ കെടുത്തുന്ന നിലയിൽ ഉത്സവങ്ങളെ വഴിമാറ്റിക്കൊണ്ടുപോകുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയുമരുത്.
എന്നാൽ ഇന്നു സ്ഥിതിയാകെ മാറിപ്പോകുന്നതായാണു കാണുന്നത്. ഒരു ക്ഷേത്രോത്സവം ഏതെങ്കിലും ഒരു കൂട്ടരുടേതുമായി മാത്രമായി ചുരുങ്ങുന്നതു നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെ ഭാഗപ്പെടുത്തുന്നതിന് തുല്യമാണ്. ഇതാകട്ടെ ക്ഷേത്രോത്സവങ്ങളിൽ മത്സരങ്ങൾ കടന്നുവരുന്നതിനും കൂടുതൽ ധനം ചെലവഴിച്ച് ഉത്സവങ്ങളെ വലിയ മാമാങ്കങ്ങളാക്കി മാറ്റുന്നതിനും ഇടയാക്കുകയും ചെയ്യും. ഒരിടത്ത് അഞ്ച് ആനയാണ് എഴുന്നള്ളിപ്പിനുള്ളതെങ്കിൽ മറ്റൊരിടത്ത് ഏഴ് ആന വേണമെന്ന നിർബന്ധവും ഒരു പ്രദേശത്തെയാകെ പ്രകമ്പനം കൊള്ളിക്കുന്ന വിധത്തിൽ കരിമരുന്നു പ്രയോഗിക്കണമെന്ന ആഗ്രഹവുമൊക്കെ ഈ ഭാഗപ്പെടലുകളുടെ സ്വാധീനം കൊണ്ടുണ്ടാകുന്നതാണ്. ഇത്തരം ആഘോഷത്തിമിർപ്പിനിടയിൽ മറഞ്ഞു പോകുന്നതാകട്ടെ ഈശ്വരഭക്തിയും ഈശ്വരവിശ്വാസവും ഈശ്വരചിന്തകളുമാകും.
ക്ഷേത്രങ്ങൾ മഹിതമായൊരു ദർശനത്തിന്റെ, സങ്കല്പത്തിന്റെ, വിശുദ്ധിയുടെ, സദാചാരചിന്തയുടെ, എളിമയുടെ, നന്മയുടെ സങ്കേതമായി നിലകൊള്ളണമെന്ന ഗുരുഹിതം നിറവേറപ്പെടുമ്പോഴാണു ക്ഷേത്രങ്ങൾക്ക് നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന പ്രഭയുടെ സ്ഥാനമുണ്ടാകുന്നത്. ഈ ക്ഷേത്രസങ്കല്പം കെട്ടുപോകാതിരിക്കുന്നതിനാണ് തൃപ്പാദങ്ങൾ ഒരവസരത്തിൽ കരിയും വേണ്ട കരിമരുന്നും വേണ്ട എന്നരുളിച്ചെയ്തത്. എന്നാൽ പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രവും മലനട ക്ഷേത്രവുമൊക്കെ നമുക്കു ദുരന്തത്തിന്റെ വലിയ ദൃഷ്ടാന്തങ്ങൾ നല്കിയിട്ടും നമ്മൾ ഇന്നും ഈ ഗുരുഹിതത്തിന്റെ ഉള്ളറിയാൻ മനസ് വേണ്ടത്ര തുറന്നിട്ടില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൃപ്പാദങ്ങൾ 1915 ൽ പ്രതിഷ്ഠ നടത്തിയ പള്ളുരുത്തിയിലെ ശ്രീഭവാനീശ്വരക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് തിടമ്പേറ്റി വന്ന ആന വിരണ്ടതും ദേവതാ വിഗ്രഹം നിലത്തു വീഴാനിടയായതും മറ്റും. ഇനിയെങ്കിലും ഇത് നമ്മെ പുനർചിന്തിപ്പിക്കാനുള്ള ഒരു പ്രേരണയായിത്തീരണം. എന്തുകൊണ്ടെന്നാൽ ഗുരുക്കന്മാരുടെ വാക്കുകളോരോന്നും സത്യത്തിന്റെയും വരാനിരിക്കുന്നതിന്റെയും ശംഖനാദങ്ങളാണ്. അതിനൊരു സംഭവം ഉദാഹരണമായി പറയാം.
തൃപ്പാദങ്ങൾ ഇടയ്ക്കിടെ അഞ്ചുതെങ്ങിലുള്ള ഒരു ഭജനമഠത്തിൽ വിശ്രമിക്കാൻ പോകുമായിരുന്നു. ഒരിക്കൽ എത്തുമ്പോൾ അവിടെ ഉത്സവം നടക്കുകയായിരുന്നു. ആനയും എഴുന്നള്ളിപ്പുകളും ഒക്കെയായി ആകെ ബഹളത്തിന്റെ ഒരന്തരീക്ഷം. അതുകണ്ടിട്ട് ഭജനമഠത്തിന്റെ ശാന്തിയില്ലാതാക്കുന്ന ഇത്തരം ഉത്സവങ്ങൾ ഇനിയാവശ്യമില്ലെന്നു ഗുരുദേവൻ പറഞ്ഞു. 1925 ലാണിത്. എന്നാൽ ഭജനമഠത്തിന്റെ ഭാരവാഹികൾ ഗുരുവചനത്തിനു ചെവികൊടുക്കാതെ അടുത്ത കൊല്ലവും ഉത്സവം നടത്തി. ആ വിവരമറിഞ്ഞ ഗുരുദേവൻ പിന്നീടു ഭജനമഠത്തിലേക്കു പോയില്ല.
ഉത്സവം പോയ കൊല്ലത്തേക്കാൾ കെങ്കേമമായി നടക്കുകയായിരുന്നു. അന്നു രാത്രിയിൽ കഥകളി നടന്നുകൊണ്ടിരിക്കെ ആറാട്ടിനെഴുന്നള്ളിയ ആന വിരണ്ടു. ആനപ്പുറത്ത് തിടമ്പേറ്റി ഇരുന്ന ശാന്തിക്കാർ നിലത്ത് വീണു. ഉത്സവം അലങ്കോലമായി. ജനങ്ങൾ ചിതറിയോടി. ഒടുവിൽ പാപ്പാന്മാർ ചേർന്നു വളരെ പ്രയാസപ്പെട്ട് ആനയെ തളച്ചു. ആ വിവരമറിഞ്ഞതോടെ കഥകളി പുനരാരംഭിക്കുകയും ഓടിപ്പോയവരൊക്കെ തിരികെയെത്തുകയും ചെയ്തു.
ആനയെ തളച്ചത് ഒരു പഴയ ചങ്ങലയിലായിരുന്നതിനാൽ പുതിയൊരു ചങ്ങലയ്ക്കായി പാപ്പാൻ അന്വേഷണം നടത്തി. തെരുവത്ത് പത്മനാഭൻ എന്നൊരാളുടെ സഹായത്താൽ പുതിയൊരു ചങ്ങല കിട്ടി. അതുമായി എത്തിയവർ ക്ഷേത്രപ്പറമ്പിൽ ചങ്ങലയിട്ടതിന്റെ കിലുക്കം കേട്ട് വീണ്ടും ആന വിരണ്ടതാണെന്നു തെറ്റിദ്ധരിച്ച് ആളുകൾ ഓട്ടമായി. ക്ഷേത്രപ്പറമ്പാകെ അലങ്കോലപ്പെട്ടു. കഥകളിക്കാർ കളി വേഷത്തോടെ ഓടിയതിനാൽ ഇരുട്ടിൽ അതുകണ്ട് പേടിച്ച് വീണവരും അനവധിയായി. ഗുരുദേവന്റെ കല്പന ധിക്കരിച്ചതിൽ വന്ന അനിഷ്ടങ്ങളാണിതെല്ലാമെന്ന് ബോദ്ധ്യപ്പെട്ട ഭാരവാഹികൾ ഗുരുദേവനെ കണ്ട് മാപ്പപേക്ഷിച്ചു. പിന്നീട് അവർ ഭജനമഠത്തിൽ ഉത്സവം നടത്തിയതേയില്ല. ഇതുപോലെ നിരവധി സംഭവങ്ങൾ ഗുരുദേവചരിത്രത്തിലുണ്ട്. നമ്മുടെ നന്മയ്ക്കായാണ് ഓരോ വാക്കും ഗുരുവരുളിയിട്ടുള്ളതെന്നു നമ്മൾ തിരിച്ചറിയണം. അതുകൊണ്ട് കരിയും കരിമരുന്നുമില്ലാതെ ലളിതമായും ജനങ്ങളെ ഒന്നിപ്പിക്കുന്നതിനു പ്രയോജനപ്പെടും വിധവും ക്ഷേത്രോത്സവങ്ങൾ നടത്തുന്നതിലാവണം നമ്മുടെ ശ്രദ്ധ പതിയേണ്ടതെന്ന് ഓർമ്മിപ്പിക്കട്ടെ.