കൊറോണ അണുബാധ കഴിഞ്ഞ് ഏതാണ്ട് 6 മുതൽ 10 ദിവസം വരെയെടുക്കും രോഗലക്ഷണങ്ങൾ തുടങ്ങാൻ. രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം ഇവ വൈറോളജി ലാബിൽ പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിനെതിരെ പ്രതിരോധവാക്സിനോ ഫലപ്രദമായ മരുന്നുകളോ ഇനിയും കണ്ടുപിടിച്ചിട്ടില്ല.
കൊറോണ രോഗബാധ തടയുന്നതിനായി ഇനി പറയുന്ന നിർദ്ദേശങ്ങൾ നാം എല്ലാവരും
വിട്ടുവീഴ്ചയില്ലാതെ അനുസരിച്ചേ തീരൂ.
1. ശരീരശുചിത്വം വേണം. കൈ കഴുകലാണ് പ്രധാനം. നമ്മുടെ ശരീരത്തിൽ എളുപ്പം അശുദ്ധമാകുന്ന അവയവം കൈകളാണ്. ആഹാരം കഴിക്കുന്നതിനു മുമ്പും, ശൗചക്രിയ കഴിഞ്ഞും, ഇടയ്ക്കിടെയും ഓരോ തവണയും കൈകൾ 20 സെക്കൻഡ് എങ്കിലും സമയമെടുത്ത് സോപ്പും വെള്ളവും കൊണ്ട് കഴുകണം. അടിക്കടി ഹാന്റ് സാനിറ്റൈസറുപയോഗിക്കുന്നതും ഫലപ്രദം.
2. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങളിലൂടെയും സ്രവങ്ങളിലൂടെയും രോഗം പകരാം. തുമ്മൽ, ചുമ, ശ്വാസംമുട്ട് ഇവയുള്ളവർ വൃത്തിയുള്ള തൂവാല കൊണ്ടോ, ടിഷ്യു പേപ്പർ കൊണ്ടോ മൂക്കും വായും അടച്ച് പിടിച്ച് വേണം തുമ്മുവാനും ചുമയ്ക്കുവാനും. പൊതുനിരത്തിൽ തുപ്പരുത്.
3. പൊതുസ്ഥലങ്ങളിൽ പലതരം ആളുകൾ സദാ കൈ കൊണ്ട് പിടിക്കുന്ന ഭാഗങ്ങളിൽ (ഉദാ: ഫുട്പാത്തുകളിലെയും കോണിപ്പടികളിലേയും കൈവരി, ഹാന്റ്റെയിൽസ്, ടോയ്ലെറ്റിന്റെയും മറ്റു പ്രധാന വാതിലുകളുടെയും കൈപിടികൾ) തൊടുകയോ പിടിക്കുകയോ ചെയ്തിട്ടുള്ളവർ അതു കഴിഞ്ഞ് നന്നായി കൈ കഴുകണം.
4. സ്വന്തം കൈ കൊണ്ട് മൂക്ക്, കണ്ണ്, വായ എന്നിവിടങ്ങളിൽ ഇടയ്ക്കിടെ തൊടുന്നത് തികച്ചും ഒഴിവാക്കണം. അണുബാധ ചെറുക്കാൻ ഇത് വേണം.
5. പനി ബാധിച്ച ഭാര്യാഭർത്താക്കന്മാർ പാരാസെറ്റമോൾ കഴിച്ചു പനി തത്കാലം കുറഞ്ഞാലും ഒരു കിടക്കയിൽ ഉറങ്ങരുത്.
6. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. സ്കൂൾ അടച്ച അവധിയിലായ കുട്ടികൾ വീട്ടിൽത്തന്നെ കഴിയട്ടെ. വിനോദസഞ്ചാരം വേണ്ട. പനി പിടിച്ച മുത്തശ്ശനോ മുത്തശ്ശിയോ, മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ പനി കുറഞ്ഞയുടൻ കുട്ടികളെ താലോലിക്കുകയോ, ഉമ്മ വയ്ക്കുകയോ അരുത്.
7. കാണാതിരുന്ന് കാണുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ വന്നാൽ അടുത്ത് ചെന്ന് സ്നേഹത്തോടെ ആശ്ലേഷിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല. ഷേക്ക് ഹാന്റിന് കൈകൊടുക്കരുത്, ചേർന്ന് നിൽക്കരുത്.
8. പനി ബാധിച്ചവർ ഉടനേ അംഗീകൃത യോഗ്യതയുള്ള ഡോക്ടറെ കണ്ടു ചികിത്സ തേടി വീട്ടിൽസ്വയംനിരീക്ഷണത്തിലാവണം. രണ്ടാഴ്ചയെങ്കിലും പുറത്തെങ്ങും പോകരുത്. രോഗം സംശയിക്കുന്നവരോട് സമ്പർക്കമുണ്ടായാൽ ആരോഗ്യവകുപ്പിനെയോ ദിശയേയോ മടിക്കാതെ, മറച്ച് വയ്ക്കാതെ അറിയിച്ച് സ്രവപരിശോധനയിലൂടെ കൊറോണബാധയില്ലെന്നുറപ്പാക്കണം.
9. അന്യദേശവാസം കഴിഞ്ഞെത്തുന്നവരെക്കുറിച്ചുള്ള വിവരം അറിഞ്ഞാൽ പൊതുനന്മയ്ക്കായി ആരോഗ്യവകുപ്പിനെയും കൊറോണ കൺട്രോൾ റൂമിനെയും ഉടനറിയിക്കണം. രണ്ടാഴ്ചയെങ്കിലും നിരീക്ഷണം നിർബന്ധം. ഉറ്റ ബന്ധുക്കളായാലും വിദേശത്തു നിന്ന് നാട്ടിൽ വരുമ്പോൾ അവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിനെ നിർബ്ബന്ധമായും അറിയിക്കണം.
10. ലക്ഷണങ്ങളുള്ളവരും ശുശ്രൂഷിക്കുന്നവരും സമീപിക്കുന്നവരും മൂക്കും വായും നന്നായി അടയുന്ന തരത്തിലുള്ള മാസ്ക് സുരക്ഷയ്ക്കായി കെട്ടണം. ഇവർ പൊതുവാഹനങ്ങൾ യാത്രയ്ക്ക് ഉപയോഗിക്കരുത്. പൊതു പരിപാടികളിൽ പങ്കെടുക്കരുത്. രോഗപകർച്ചയുടെ ചങ്ങല പൊട്ടിക്കാനാണിത്.
11. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുമ്പോൾ, കൈവിരലുകൾ, കൈവെള്ളയിലെയും വിരലുകളുടെയും മടക്കുകൾ, കൈകളുടെ പിൻവശം, തള്ളവിരൽ, റിസ്റ്റ് ഈ ഭാഗങ്ങളെല്ലാം 20 സെക്കൻഡ് നേരം നന്നായി ഉരച്ചു കഴുകി ശുചിയാക്കണം. നഖം കൃത്യമായി വെട്ടിയിരിക്കണം.
12. ഈ രോഗത്തെ സംബന്ധിച്ച് അറിവില്ലാത്തവർ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്ന വ്യാജകഥകളും വാർത്തകളും വിശ്വസിക്കരുത്.