തിരുവനന്തപുരം: കൊറോണാ വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ ആഘോഷത്തോടെ പൊങ്കാല ഉത്സവം നടത്തേണ്ടെന്ന് കരിക്കകം ക്ഷേത്രം,​ പഴഞ്ചിറ ദേവീ ക്ഷേത്രം ഭരണസമിതി യോഗങ്ങൾ തീരുമാനിച്ചു. രണ്ടു ക്ഷേത്രങ്ങളിലും ഈ മാസം അവസാനമാണ് ഉത്സവം ആരംഭിക്കുന്നത്. ഏപ്രിൽ 5നാണ് രണ്ടിടത്തും പൊങ്കാല. ആറ്റുകാൽ ഭഗവതി ക്ഷേത്രം കഴിഞ്ഞാൽ തലസ്ഥാനത്ത് ഏറ്റവും കൂടുതൽ വിശ്വാസികൾ പൊങ്കാല അർപ്പിക്കാനെത്തുന്നത് കരിക്കകത്താണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉത്സവം ചടങ്ങുകളിൽ മാത്രം ഒതുക്കാനാണ് തീരുമാനം. പൊങ്കാല ദിവസം പണ്ടാര അടുപ്പ് മാത്രം ഒരുക്കി ചടങ്ങായി പൊങ്കാല അർപ്പിക്കും. വിശ്വാസികളെ പൊങ്കാല അർപ്പിക്കാനെത്തുന്നതിൽ നിന്നും വിലക്കും. പഴഞ്ചിറ ക്ഷേത്രത്തിലും ഉത്സവം ചടങ്ങുകൾ മാത്രമായി ഒതുക്കും. ഭക്തർക്ക് പൊങ്കാല അർപ്പിക്കാനാകില്ല. എന്തൊക്കെ നിയന്ത്രണം ഏർപ്പെടുത്തണമെന്ന കാര്യത്തിൽ ഞായറാഴ്ച ഭരണസമിതി തീരുമാനമെടുക്കും.