തിരുവനന്തപുരം:നാട്ടിൽ ഭീതിവിതച്ച് വ്യാപിക്കുന്ന കൊറോണ വൈറസ് ഇന്നലെ 12 പേർക്ക് കൂടി ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാസർകോട്ട് ആറു പേർക്കും എറണാകുളത്ത് അഞ്ച് വിദേശികൾക്കും പാലക്കാട്ട് ഒരാൾക്കുമാണ് വൈറസ് ബാധിച്ചത്. കാസർകോട്ടെ കേസുകളിൽ രണ്ടുവയസുള്ള കുട്ടിയും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
എറണാകുളത്ത് ബ്രിട്ടീഷുകാരായ അഞ്ച് ടൂറിസ്റ്റകൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുള്ള ഒരാൾക്ക് കഴിഞ്ഞയാഴ്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടനിൽ നിന്നെത്തി കൊച്ചി, തൃശൂർ, മൂന്നാർ എന്നിവിടങ്ങൾ സന്ദർശിച്ച 17 അംഗ സംഘത്തിലുള്ളവരാണ് ഇവർ. മൂന്നാറിലെ ഹോട്ടലിൽ താമസിച്ച സംഘത്തെ നയിച്ച 57 കാരൻ നിരീക്ഷണത്തിലായിരുന്നു. പരിശോധനാഫലം ലഭിക്കും മുമ്പേ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി ദുബായ് വിമാനത്തിൽ കയറിയ സംഘത്തെ പുറത്തിറക്കി 57കാരനെയും ഭാര്യയെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയ മറ്റുള്ളവരുടെ സ്രവം പരിശോധിച്ചപ്പോഴാണ് അഞ്ചു പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. 60 വയസിന് മുകളിലുള്ള ഇവരുടെ നില തൃപ്തികരമാണ്. മറ്റുള്ളവരെ തിരിച്ചയയ്ക്കാൻ നടപടി ആരംഭിച്ചു.
57കാരന്റെ നില തൃപ്തികരമല്ലെന്ന് അധികൃതർ അറിയിച്ചു. എറണാകുളം ജില്ലയിൽ 28 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്.
പാലക്കാട്ട് ആദ്യമായാണ് കൊറോണ കണ്ടെത്തുന്നത്. ബ്രിട്ടനിൽ നിന്ന് എത്തിയ ഇയാൾ കളമശേരി താലൂക്ക് ആശുപത്രിയിലാണ്.
എന്നാൽ ദുബായിൽ നിന്ന് നേരത്തെ എത്തി രോഗം സ്ഥിരീകരിച്ച ആളിൽ നിന്നാണ് ജില്ലയിൽ മറ്റുള്ളവർക്ക് പകർന്നത്. ഇതേ ആളുമായാണ് രണ്ട് എം.എൽ.എമാർ അടുത്ത് ഇടപഴകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ ഓഫീസുകൾ ഒരാഴ്ചയും ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചയും അടച്ചിടും. കടകളുടെയും ബിവറേജസ് ഔട്ട്ലെറ്റുകളുടെയും പ്രവർത്തനം രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെയാക്കി.
സംസ്ഥാനത്തെ സ്ഥിതി ഗൗരവതരമായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇതോടെ സംസ്ഥാനത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 40 ആയി. ഇവരിൽ മൂന്നുപേർ രോഗമുക്തി നേടിയിരുന്നു.
നിരീക്ഷണത്തിൽ 44,390 പേർ
വീടുകളിൽ 44,165 പേർ
ആശുപത്രികളിൽ 225 പേർ
ഇന്നലെ 56 പേരെ ആശുപത്രികളിലും 13,632 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
5570 പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
3436 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു
ലഭ്യമായ 2393 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.